കണ്ണൂര്‍: ജനകീയ കൂട്ടായ്‌മയോടെ കരിയാട് കെ.എന്‍ യു.പി സ്‌കൂളില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പും മെഗാ എക്‌സിബിഷനും പങ്കാളിത്തം കൊണ്ട് വേറിട്ടതായി. സമൂഹത്തില്‍ വൃക്കരോഗികള്‍ വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് വൃക്കരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി മെഗാ എക്‌സിബിഷനും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്.
വൃക്ക രോഗത്തിന്റെ കാരണങ്ങള്‍,ലക്ഷണങ്ങള്‍,രോഗം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തന ക്ഷമത അളക്കാന്‍ കഴിയുന്ന ജി.എഫ്.ആര്‍ ഉള്‍പ്പെടെയുള്ള പരിശോധന രീതികള്‍, ഫലപ്രദമായ ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ചെല്ലാം എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ രോഗം ബാധിച്ച വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും നേര്‍ക്കാഴ്ചകളും എക്‌സിബിഷനിലുണ്ട്. ലോകത്ത് പത്ത് ശതമാനത്തോളം പേര്‍ വൃക്കരോഗികളാണെന്ന റിപ്പോര്‍ട്ടും ഏത് പ്രായത്തിലും വൃക്കരോഗം പിടിപെടാമെന്നതാണ് വൃക്കരോഗത്തെ ഗൗരവതരമാക്കുന്നതെന്നും പ്രദര്‍ശനം വ്യക്തമാക്കുന്നു. വൃക്കരോഗം 90 ശതമാനത്തോളം ബാധിച്ചാല്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകൂ എന്നിരിക്കെ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗപ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വൃക്കരോഗം വരാതിരിക്കാന്‍ ഏറ്റവും നല്ല പ്രതിവിധിയെന്നും എക്‌സിബിഷന്‍ വിശദീകരിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി വൃക്കരോഗ സൗജന്യപരിശോധനയും നടക്കുന്നുണ്ട്.
കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍,വടകര തണല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായാണ് എക്‌സിബിഷനും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി നൂറുകണക്കിനാളുകളാണ് ആദ്യദിനം പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ സന്നദ്ധ പ്രവര്‍ത്തരും ക്യാമ്പിന്റെ ഭാഗമായുണ്ട്.
















