തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുലിമുരുകന് സിനിമ ഇന്റര്‍നെറ്റില്‍. തക്കസമയത്ത് ഇടപെട്ട് കേരള പോലീസിന്റെ സൈബര്‍ ഡോം ചിത്രത്തിന്റെ ഡൗണ്‍ലോഡിംഗ് തടഞ്ഞു.
തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്സൈറ്റുകളിലാണ് വെള്ളിയാഴ്ച രാത്രിയോടെ ചിത്രത്തിന്റെ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന് ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. വെള്ളിയാഴ്ച ഗള്‍ഫ് രാജ്യങ്ങളിലെ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. പുലിമുരുകന് മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ്.
100 കോടി കളക്ഷന്‍ ക്ലബ്ബില്‍ അംഗത്വം നേടുന്ന ആദ്യമലയാള ചിത്രമെന്ന ബഹുമതിക്കരികില് നില്‍ക്കുകയാണ് ചിത്രം. ഈ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റില്‍ വ്യാജന് പ്രത്യക്ഷപ്പെട്ടത്. നേരത്തെ പ്രേമം എന്ന ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പുറത്തായിരുന്നു. ഇത് ചിത്രത്തിന്റെ പ്രചാരത്തെ ബാധിച്ചു.
ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും വിദേശത്തും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുവരുന്നത്.
ആദ്യ അഞ്ചുദിവസം കൊണ്ട് 20 കോടിരൂപ കളക്ട് ചെയ്തിരുന്നു. ഇതുവരെ 75 കോടിരൂപ ചിത്രം കളക്ട് ചെയ്തതായാണ് വിവരം.
തക്കസമയത്ത് കേരളപോലീസ് ഇടപെട്ടതിനാലാണ് ഇന്റര്‍നെറ്റിലൂടെയുള്ള ചിത്രത്തിന്റെ വ്യാപനം തടയാനായത്. പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: