തിരുവനന്തപുരം: കേരളത്തിലെ ഗോത്രവര്‍ഗ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് നിലകൊള്ളുന്ന ആദിവാസി മഹാസഭയുടെ സത്യസന്ധനായ പ്രസിഡന്റ് മോഹനന്‍ ത്രിവേണിയുടെ പേരില്‍ കള്ളക്കേസ് കെട്ടിച്ചമച്ചത് അടിസ്ഥാനരഹിതവും നീതിക്ക് നിരക്കാത്തതുമാണെന്ന് ആദിവാസി മഹാസഭ. കാല്‍നൂറ്റാണ്ടിലേറെയായി അവകാശങ്ങള്‍ക്കുവേണ്ടി സാമൂഹിക സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന വ്യക്തിത്വമാണ് മോഹന്‍ ത്രിവേണി.
പൊതുവഴികള്‍ സ്വകാര്യ വ്യക്തി കമ്പി വേലിയിട്ട് അടച്ചതിനെതിരെ നല്‍കിയ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ട വിതുര പോലീസ് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പരാതിക്കാരന്റെ പേരില്‍ കള്ള കേസ് രജിസ്റ്റര്‍ ചെയ്ത് മാധ്യമങ്ങളിലൂടെ വാര്‍ത്ത കൊടുത്ത് പരാതിക്കാരനെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചെയ്തത്.
വഴി അടയ്‌ക്കരുതെന്ന കോടതി ഉത്തരവും വഴിയടച്ചതില്‍മേലുള്ള നിരവധി പരാതികള്‍ വിതുര പോലീസിന് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് വഴിയടച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പോലീസിന്റെ നീക്കം ആഭ്യന്തരവകുപ്പ് അനേ്വഷിക്കണമെന്നും ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കളവായി കെട്ടിച്ചമച്ച കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും സഭയെയും പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധശക്തികളെ സംഘടനാപരമായി നേരിടാനും മുരളീധരന്‍ കാണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.
















