പാലാ: തട്ടുകടയുടെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ത്രീകളുടെ നടപടി ചോദ്യം ചെയ്ത ബിഎംഎസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. തട്ടുകടയുടെ ഉടമകളായ സ്ത്രീകളാണ് മര്‍ദ്ദനത്തിന് പിന്നില്‍. കമ്പിവടികൊണ്ട് തലയ്‌ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ ദളിത് യുവാവ് പാലാ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗവ. ആശുപത്രിക്ക് സമീപത്തെ സ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന അനൂപ് ബോസ് (30)നാണ് ഇന്നലെ രാവിലെ സ്റ്റാന്റില്‍ വച്ച് മര്‍ദ്ദനമേറ്റത്. ഈ സ്റ്റാന്റിലെ ബിഎംഎസ് കണ്‍വീനറും യുവമോര്‍ച്ച പാലാ നിയോജക മണ്ഡലം ഖജാന്‍ജിയുമാണ് അനൂപ്. ഓട്ടോ സ്റ്റാന്റിന് എതിര്‍വശത്ത് തട്ടുകട നടത്തുന്ന ഇത്താമ്മ, ഫിലോമിന എന്നിവരാണ് ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന അനൂപിനെ പ്രകോപനമില്ലാതെ മര്‍ദ്ദിച്ചത്.
ഇവര്‍ നടത്തുന്ന കടയില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് തര്‍ക്കവും വാക്കേറ്റവും ഓട്ടോ തൊഴിലാളികളുമായി ഇടയ്‌ക്ക് ഉണ്ടാകാറുണ്ടെന്ന് അനൂപ് പറഞ്ഞു. ഇതിനിടെ തട്ടുകട പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ആരോ കളക്ടര്‍ക്ക് പരാതി നല്‍കിയതായി പറയുന്നു. പരാതി നല്‍കിയത് അനൂപാണെന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
തലയ്‌ക്ക് പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പച്ചതോടെ സിപിഎം നേതാക്കളെത്തി സ്ത്രീകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം അനുഭാവികളായ ഇവര്‍ക്ക് വേണ്ട പിന്തുണയും ഒത്താശയും ചെയ്തുകൊടുത്തിരുന്നത് പാര്‍ട്ടിയുടെ നേതൃത്വമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് അനുപിന് നേരെ ആക്രമണം ഉണ്ടായതെന്ന് ബിഎംഎസ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. എം.എസ്. ഹരികുമാര്‍, കെ.എസ്. ശിവദാസ്, സി.കെ. അശോക്, എം.ആര്‍. സജി, ഹരികൃഷ്ണന്‍ മേവട, ഗോപകുമാര്‍ പാറപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
















