അടിമാലി: നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പൂട്ടുതുറക്കാതെ ചീയപ്പാറയിലെ വിശ്രമകേന്ദ്രം. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറയ്‌ക്ക് സമീപമാണ് വിനോദ സഞ്ചാരികള്‍ക്ക് വിസ്മയകാഴ്‌ച്ചയൊരുക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടം. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയില്ല.
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും ഇവിടെ സൗകര്യമില്ല. അടിസ്ഥാന സൗകര്യവികസനം എന്ന നിലയിക്കാണ് അടിമാലി റോട്ടറി ക്ലബ്ബ് വിശ്രമകേന്ദ്രം നിര്‍മ്മിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. 10 ലക്ഷത്തിന് മുകളില്‍ മുതല്‍മുടക്കുള്ള കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരുവര്‍ഷം ആകാറായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വനംവകുപ്പ് ഉള്‍പ്പെടെയുള്ള അധികാരികള്‍ പ്രശനത്തില്‍ അലംഭാവം കാണിക്കുകയാണ്. വനവികസന സമിതിയുടെ മേല്‍നോട്ടത്തിലാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്.
റോട്ടറിക്ലബ്ബ് നിര്‍മ്മാണം നടത്തിയ കരാറുകാരനുമായുള്ള സാമ്പത്തിക ഇടപെടലിലുള്ള പ്രശ്‌നങ്ങള്‍ മൂലം കെട്ടിടം തങ്ങള്‍ക്ക് കൈമാറാത്തതാണ് നടപടികള്‍ വൈകുന്നതെന്ന് വനം വകുപ്പ് പറയുമ്പോള്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുകയാണെന്ന് റോട്ടറിക്ലബ്ബ് അധികൃതര്‍ പറയുന്നു. വിനോദസഞ്ചാരികളുടെ ബുദ്ധിമുട്ട് മനസിലാക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും തുറന്നുകൊടുക്കാത്ത അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
















