കൊട്ടാരക്കര: തുലാവര്‍ഷം കനത്ത് തുടങ്ങിയതോടെ അവണൂരില്‍ വെള്ളക്കെട്ട്. റോഡ് നിറയെ കുഴിയായതിനാല്‍ അപകടവും ഏറുന്നു. ചെറുവാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ തീര്‍ത്തും ബുദ്ധിമുട്ടായിട്ടും അധികൃതര്‍ ഉണരുന്നില്ല.
സെക്കന്‍ഡുകള്‍ ഇടവിട്ട് ബസ് സര്‍വ്വീസ് ഉള്ള റോഡാണിത്. ഒരു വര്‍ഷമായി ഇവിടെ റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായിട്ട്. ഇടയ്‌ക്ക് മെറ്റലും മണ്ണും ചേര്‍ത്ത് കുഴികള്‍ അടച്ച് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയതുമാത്രം മിച്ചം. റീ ടാറിംഗ് അടക്കം തുടര്‍ നടപടിയ്‌ക്ക് സംവിധാനമുണ്ടായില്ല. അന്ന് കുഴിയടച്ചതിന്റെ ശേഷിക്കുന്ന ഭാഗവും അതോടെ തകര്‍ന്നു. ഇവിടെ വലിയ കുഴികളാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. മഴവെള്ളം ഇതില്‍ കെട്ടിനില്‍ക്കുന്നതിനാല്‍ ചെറുവാഹനങ്ങളൊക്കെ അപകടത്തില്‍പ്പെടുകയാണ്. റോഡിലെ കുഴികളുടെ ആഴമറിയാന്‍ കഴിയുന്നില്ലത്രെ. റോഡിന്റെ ഭാഗമായി ഉണ്ടായിരുന്ന ഓട പൂര്‍ണ്ണമായും അടഞ്ഞിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ല.
ഇതുതന്നെയാണ് എന്നും ഇവിടെ റോഡ് തകരാന്‍ കാരണവും. റോഡ് ഉയര്‍ത്തുകയും ഓട തെളിക്കുകയും ചെയ്‌തെങ്കിലേ ശാശ്വതപരിഹാരമാകു. കഴിഞ്ഞദിവസം പെയ്ത പെരുമഴയില്‍ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുകയാണ്. യാത്രക്കാര്‍ തീര്‍ത്തും ബുദ്ധിമുട്ടുമ്പോഴും ഇതിന് പരിഹാരം ഉണ്ടാക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
















