കോട്ടയം: പുലിക്കുട്ടിശേരി പ്രാപ്പുഴറോഡില്‍ പ്രാപ്പുഴ പാലത്തിന് സമീപം റിസോര്‍ട്ടുടമ ആറ്റുപുറമ്പോക്ക് വ്യാപകമായി കയ്യേറി മതില്‍ നിര്‍മ്മിക്കുന്നു. അയ്‌മനം വില്ലേജിലെ ബ്ലോക്ക് 8-ല്‍ സര്‍വ്വേനമ്പര്‍ 407/1, 407/2 , 407/32, 407/33, 407/3 4-ല്‍പ്പെട്ട വസ്തുവിന്റെയും റിസോര്‍ട്ടിന്റെയും ഉടമകളായ പുത്തന്‍പുരയില്‍ ടോപ്‌സി മാത്യുവും ഭാര്യ മഞ്ജു സാറാ രാജനും ചേര്‍ന്നാണ് ആറ്റുപുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മ്മിക്കുന്നത്. അഞ്ചര ഏക്കറോളം വരുന്ന സ്ഥലത്ത് റിസോര്‍ട്ട് നടത്തുകയാണിവര്‍.
റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം സംശയാസ്പദമായ രീതിയിലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മീനച്ചിലാറിന്റെ തീരത്ത് ആറ്റലേക്കിറക്കി 3മീറ്റര്‍ വീതിയിലും 100 മീറ്ററോളം നീളത്തിലുമാണ് കരിങ്കല്‍ മതില്‍ നിര്‍മ്മിക്കുന്നത്. നേരത്തേ താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ വസ്തു അളന്നുതിരിച്ച് അതിരുകല്ലുകള്‍ സ്ഥാപിച്ചിരുന്നു. ഈ കല്ലുകള്‍ പിഴുതുകളഞ്ഞിട്ടാണ് ഇപ്പോള്‍ കയ്യേറ്റം നടക്കുന്നത്. മതില്‍ നിര്‍മ്മാണം നടത്തുന്നതിന് സൂപ്പര്‍വൈസറേയും ഇവര്‍ നിയമിച്ചിട്ടുണ്ട്. ജോണ്‍ എന്നാണ് ഇയാളുടെ പേരെന്നും പറയപ്പെടുന്നു. പ്രദേശത്തെ കാര്‍ഷിക മേഖലയെ ആകെ തകര്‍ക്കുന്നതിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി വില്ലേജാഫീസര്‍ക്ക് പരാതി നല്‍കി. അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രനും സെക്രട്ടറി സജീവും പറഞ്ഞു.
















