പാലക്കാട്: ഇരയിമ്മന്‍തമ്പിയുടെ വിഖ്യാതമായ കീചകവധം, മന്ത്രേടത്ത് നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം, കോട്ടയത്തു തമ്പുരാന്റെ കാലകേയവധം കഥകളിലെ ഭാഗങ്ങളാണ് അഞ്ചാം ദിവസം അരങ്ങേറിയത്. മാലിനിയെന്ന പേരില്‍ വിരാടരാജ്യത്ത് അജ്ഞാതവാസം നയിക്കുന്ന പാണ്ഡവപത്നിയായ പാഞ്ചാലിയെ കാമിച്ച കീചകന്റെ ദയനീയമായ പതനവും തന്റെ അനുമതിയില്ലാതെ സഹോദരിയായ സുഭദ്രയെ അര്ജുനന് വിവാഹം ചെയ്തുകൊടുത്തതില്‍ ക്രുദ്ധനാകുന്ന ബലഭദ്രരുടെ കോപം കൃഷ്ണന്റെ നയചാതുരികൊണ്ട് ആനന്ദാതിരേകമായി മാറുന്നതും അര്‍ജുനന്റെ വീരപരാക്രമങ്ങളും അഭൗമസൗന്ദര്യം കണ്ടു ഭ്രമിച്ച സ്വര്‍ഗ്ഗസുന്ദരിയായ ഉര്‍വ്വശിയുടെ ഇച്ഛാഭംഗവും അരങ്ങു നിറഞ്ഞപ്പോള്‍ കാണികളൊന്നടങ്കം കഥകളിയുടെ അനിതരസാധാരണമായ വശ്യതയില്‍ വ്യാമുഗ്ധരായി. കാലുകുത്താനിടമില്ലാത്തവിധം എം.ഡി.രാമനാഥന് ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാരിയരുടെ കീചകനും കലാമണ്ഡലം രാജശഖരന്റെ മാലിനിയും കലാമണ്ഡലം കൃഷ്ണകുമാറിന്റെ ബലഭദ്രനും ഹരിനാരായണന്റെ കൃഷ്ണനും പീശപ്പിള്ളി രാജിവിന്റെ ഉര്‍വശിയും ഒരുപോലെ തകര്‍ത്താടി. വെള്ളിനേഴി ഹരിദാസന്, സദനം സദാനന്ദന്, കലാ.അരുണ്‍വാര്യര്‍, ആര്.എല്‍.വി.പ്രമോദ് (വേഷം) കോട്ടയ്ക്കല്‍ നാരായണന്, കലാ.ജയപ്രകാശ്, നെടുമ്പള്ളി രാംമോഹന്‍, സദനം ജ്യോതിഷ് ബാബു, പനയൂര്‍ കുട്ടന് (പാട്ട്), കോട്ടയ്ക്കല്‍ പ്രസാദ്, കലാ.ബാലസുന്ദരന്‍, കലാ.കേശവന്‍കുട്ടി, കൃഷ്ണപ്രവീണ്‍ പൊതുവാള് (ചെണ്ട), കലാ.രാജ്നാരായണന്, കലാനിലയം പ്രകാശന്, കലാ.വേണു (മദ്ദളം), കലാ.ബാലന്, കലാനിലയം പത്മനാഭന് (ചുട്ടി), മാങ്ങോട് അപ്പുണ്ണിത്തരകന്‍, ബാലന്, മുരളി, ഉണ്ണി, മോഹനന് (അണിയറ) എന്നിവര്‍ കഥകളിയിലും സോദാഹരണപ്രഭാഷണങ്ങളിലും പങ്കെടുത്തു.
കളരിപ്പയറ്റ് വിദഗ്ധന്‍ കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശി എസ്.ആര്.ഡി.പ്രസാദാണ് സോദാഹരണപ്രഭാഷണം നയിച്ചു. നാട്യശാസ്ത്രപണ്ഡിതനായ ഡോ.സി.പി.ഉണ്ണികൃഷ്ണന്, പി.എം.നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: