കോഴിക്കോട്: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ജനകീയ ചങ്ങലയൊരുക്കി ‘ശ്രദ്ധ’ കൊടിയത്തൂര്‍. കൊടിയത്തൂര്‍ മുതല്‍ കക്കാട് വരെയുള്ള പതിനൊന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പതിനയ്യായിരത്തോളം പ്രദേശവാസികളെ മനുഷ്യച്ചങ്ങലയില്‍ അണിനിരത്തുമെന്ന് സോഷ്യല്‍ റിഫോംസ് & എംപവര്‍മെന്റ് ത്രൂ ഡെയര്‍ & ഹോണസ്റ്റ് ആക്ടിവിറ്റീസ്(ശ്രദ്ധ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം ആറിന് വൈകീട്ട് നാല് മണിയ്‌ക്ക് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് മുഖ്യാതിഥിയാവും. കൊടിയത്തൂര്‍, സൗത്ത് കൊടിയത്തൂര്‍, ചുള്ളിക്കാപറമ്പ്, തേനങ്ങാപറമ്പ്, പന്നിക്കോട്, മാവായി, നെല്ലിക്കാപറമ്പ്, വലിയപറമ്പ്, കറുത്തപറമ്പ്, കാരശ്ശേരി, കക്കാട് എന്നിവിടങ്ങളിലായാണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ വിജനമായ സ്ഥലങ്ങളില്‍ ലഹരി ഉല്പന്ന വിപണനവും വിതരണവും സജീവമാണെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ശ്രദ്ധ കൊടിയത്തൂര്‍ ചെയര്‍മാന്‍ സി ടി സി അബ്ദുള്ള, കെ പി അബ്ദുറഹ്മാന്‍, സി വീരാന്‍കുട്ടി, ഇല്ലാക്കണ്ടി അബ്ദുല്‍ അസീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















