ചേളന്നൂര്‍: ചേളന്നൂര്‍ 7/6, 8/2 പുതിയടത്ത് ഭാഗങ്ങളില്‍ മോഷണം പെരുകുന്നു. ജനം ഭീതിയില്‍.
ബുധനാഴ്ച അതിരാവിലെ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ ചേളന്നുര്‍ 17-ാം വാര്‍ഡില്‍ മാത്രം 20 ലധികം വീട്ടില്‍ മോഷണശ്രമവും രണ്ടു വീട്ടില്‍ മോഷണവും നടന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ തോട്ടോളി ഗിരിഷിന്റെ വീട്ടില്‍ നിന്നും 30 പവനോളം സ്വര്‍ണ്ണം എടുത്ത് പോവുന്നതിനിടെ മൂന്നു നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.
എളേടത്ത് പ്രദീപന്റെ വീട്ടില്‍ നിന്നും 11,000 രൂപ മോഷണം പോയി. കൂടാതെ ടി.പി. പ്രകാശന്‍, ഡോ. മുഹമ്മദ് കീറോത്ത് റിക്കീഷ് തുടങ്ങി 20 ഓളം വീടുകളില്‍ പല ദിവസങ്ങളിലായി മോഷണ ശ്രമം നടന്നിട്ടും പോലീസ് നിസ്സംഗരായി നില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ അമ്പലത്തുകുളങ്ങര കുമാരസ്വാമി ഭാഗത്ത് വീടുകളില്‍ ഒളിഞ്ഞു നോക്കുന്നതുള്‍പ്പെടെയുള്ള ആളുകളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചിരുന്നു. ഇതിനിടെ നാട്ടുകാര്‍ സംഘടിച്ച് രാത്രികാല പട്രോളിംഗ് നടത്തുന്നതിന്റെ പേരില്‍ ജോലി കഴിഞ്ഞ് പോവുന്ന നിരപരാധികളെ മര്‍ദ്ദിച്ചതായും ആക്ഷേപമുണ്ട്. ഇതിനിടെ ചേളന്നൂര്‍ 8/2, പുതിയടത്ത് നൂഞ്ഞോളിത്താഴം ഒളോപ്പാറ റോഡ് ഭാഗങ്ങളില്‍ തെരുവ് വിളക്കു കൂടി കത്താതായതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഭീതി വര്‍ദ്ധിച്ചിട്ടുണ്ട്.
പഞ്ചായത്ത് തെരുവുവിളക്കുകള്‍ കത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ജില്ലാ സെക്രട്ടറി സി.പി. സതീശന്‍ ആവശ്യപ്പെട്ടു.
















