ആലത്തൂര്‍: കാവശ്ശേരി പരയ്ക്കാട്ട്കാവ് ക്ഷേത്രക്കുളം സംരക്ഷിണമെന്ന ആവശ്യം ശക്തമാവുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറെ നടയില്‍ ആലുകള്ക്ക് സമീപമായാണ് ക്ഷേത്ര കുളം സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രധാന കുളിക്കടവുകള്‍, രണ്ട് ചെറിയ കടവുകള്‍, ഒരു കിണര്‍ എന്നിവയുള്‍പ്പടെ നാലതിരുകളിലും കരിങ്കല്‍ കെട്ടുള്ള ക്ഷേത്രക്കുളം ഇപ്പോള്‍ ആരും ഉപയോഗിക്കാത്ത അവസ്ഥയിലാണ്. കരിങ്കല്‍കെട്ടുകള്‍ പലയിടത്തും തകര്‍ന്നു. പായലും ചണ്ടിയും നിറഞ്ഞ് കുളവും വൃത്തികേടായി. ഒരു കാലത്ത് ഈ ക്ഷേത്രക്കുളം മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായിരുന്നു. ആദ്യകാല റഹ്മാന് ചിത്രമായ ചിലമ്പ് ഈ ക്ഷേത്രക്കുളവും കിണറും കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചത്.പിന്നീട് സുരേഷ് ഗോപിക്ക് ദേശീയ അവാര്‍ഡ് നേടികൊടുത്ത ജയരാജിന്റെ കളിയാട്ടം, മറ്റൊരു ചിത്രമായ കണ്ണകി ,ലോഹിതദാസിന്റെ അവസാന ചിത്രമായ നിവേദ്യം ഈ ക്ഷേത്ര കുളത്തിനു സമീപം അമ്പലത്തിന്റെ സെറ്റ് ഇട്ടു കൊണ്ടാണ് ചിത്രീകരിച്ചത്. ജയസൂര്യയുടെ ചതിക്കാത്ത ചന്തു ,ഇമ്മിണി നല്ലൊരാള്‍ ,ഏറ്റവും ഒടുവിലായി നരേനും മുകേഷും ഒരുമിച്ച് അ’ിനയിച്ച ‘അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ ‘ എന്ന ചിത്രവും കുളവും സമീപത്തെ ആല്‍ത്തറയും പാടശേഖരവും കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം നടത്തിയത്. ക്ഷേത്രക്കുളം നവീകരിച്ചാല്‍ സമീപ പ്രദേശങ്ങളായ മൂപ്പ് പറമ്പ് ,ചേരിക്കല്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും തുണി അലക്കാനും ഉപകാരപ്രദമായിരിക്കും. മാത്രമല്ല ക്ഷേത്രക്കുളവും ആല്‍ത്തറയും സംരക്ഷിച്ച് ഇവിടെ സിനിമാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാനും കഴിയും.പരയ്ക്കാട്ട്കാവ് ക്ഷേത്രത്തിനു ചുറ്റുമുള്ള വനവും കുളത്തിനു സമീപത്തെ പ്രശസ്തമായ കാവശ്ശേരി പൂരം നടക്കുന്ന വലിയ പാടശേഖരവും കൂടി ആകുന്നതോടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയും. എന്നാല്‍ ദേവസ്വമോ ട്രസ്റ്റി ബോര്‍ഡോ ഇതിനു മുന്‍കൈയെടുക്കാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ദേവസ്വം ക്ഷേത്രക്കുളം പഞ്ചായത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: