കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ശിവക്ഷേത്രാന്തരീക്ഷം നവംബര്‍ 11 വരെ ശ്രീരുദ്ര മന്ത്രജപത്താലും ശ്രീരുദ്ര ഹോമത്താലും രുദ്രാഭിഷേകത്താലും ധന്യമാകും. അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന നാലാമത് മഹാരുദ്രയജ്ഞവും ഭക്തജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമാവുകയാണ്. കൃഷ്ണയജുര്‍വേദത്തിലെ ശ്രീരുദ്രമന്ത്രങ്ങളാണ് യജ്ഞത്തില്‍ ജപിക്കുന്നത്. 11 വേദജ്ഞന്മാര്‍ 11 ദിവസം 11 ഉരു വീതം ശ്രീരുദ്രം ചൊല്ലിയാല്‍ മഹാരുദ്രമായി. രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെ തുടങ്ങുന്ന മഹാരുദ്രയജ്ഞത്തിന്റെ പ്രധാന ചടങ്ങും ഇതു തന്നെ. കലശങ്ങളിലെ വിശേഷ ദ്രവ്യങ്ങള്‍ ഭഗവാന് അഭിഷേകം ചെയ്യുന്നതാണ് അടുത്ത കര്‍മം. വൈകുന്നേരം 6 മുതല്‍ ഭഗവതിസേവ നടക്കും. ചടങ്ങുകള്‍ക്ക് തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, യജ്ഞാചാര്യന്‍ കിഴിയേടം രാമന്‍ നമ്പൂതിരി (ഗുരുവായൂര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. യജ്ഞത്തോടനുബന്ധിച്ച് കലാ സംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് അന്നദാനവും നടക്കുന്നു.
















