കണ്ണൂര്‍: അധസ്തിത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പ്രമുഖ ഗാന്ധിയനും ശ്രീനാരായണ ഗുരുവിന്റെ അവസാനത്തെ ശിഷ്യനുമായ സ്വാമി ആനന്ദതീര്‍ത്ഥ പയ്യന്നൂരില്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഉന്നത സാരസ്വതി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ അനന്തഷേണായി എന്ന സ്വാമി ആനന്ദതീര്‍ത്ഥ തന്റെ ജീവിതകാലം മുഴുവനും ഹരിജനോത്ഥാരണത്തിനും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിച്ചിട്ടുള്ളത്. 1928 ല്‍ ശ്രീനാരായണ ഗുരുദേവന്‍ അനന്തഷേണായിയെ ശിവഗിരി ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി ശിഷ്യത്വം നല്‍കുകയായിരുന്നു. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിലായി 1931 ലാണ് പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ആനന്ദതീര്‍ത്ഥന്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സന്ദര്‍ശന വേളയില്‍ ഇവിടെ നട്ട മാവ് ഗാന്ധിമാവ് എന്ന പേരില്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നു. 1948 ല്‍ കേളപ്പജി മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഈ മാവില്‍ചോട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ആനന്ദതീര്‍ത്ഥരുടെ മരണശേഷം ഈ വിദ്യാലയം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ട്രസ്റ്റ് രൂപീകരിച്ചാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നത് തുച്ഛമായ ഗ്രാന്റ് മാത്രമാണ്. 40 വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ച ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ സമൂഹത്തിലെ വിവിധ ശ്രേണികളില്‍ ഉന്നത നിലയിലുണ്ട്. ശ്രീനാരായണ വിദ്യാലയം ഒരു തീര്‍ത്ഥാടക കേന്ദ്രമാണെങ്കിലുംസ്വാമിജി സ്ഥാപിച്ച കെട്ടിടെ ജീര്‍ണ്ണാവസ്ഥയിലാണ്. അദ്ദേഹത്തിന്റെ സമാധി മണ്ഡപം, ഗാന്ധി മാവ്, മഹാത്മജിയുടെ ചിതാഭസ്മപേടകം എന്നിവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കേണ്ട അവസ്ഥയിലാണുള്ളത്. സ്‌കൂളിന് ചുറ്റുമതിലില്ലാത്തതും കടുത്ത ഭീഷണിയാകുന്നുണ്ട്.
പട്ടികജാതിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് വര്‍ഷം തോറും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ സ്മാരകം സംരക്ഷിക്കുന്നതിനും വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിനും പയ്യന്നൂര്‍ നഗരസഭയും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും എംപി, എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതിനായി തുക വകയിരുത്തണമെന്നും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആവശ്യപ്പെട്ടു.
















