കാക്കനാട്: ജല അതോറിറ്റിയുടെ പാഴാകുന്ന കുടിവെള്ളത്തില്‍ കുളിച്ച് പ്രതിഷേധം. കാക്കനാട് അത്താണി പള്ളത്തുപടിക്ക് സമീപം വാട്ടര്‍ അതോറിട്ടിയുടെ പ്രഷര്‍ വാല്‍വില്‍ നിന്നും പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാഴാകുന്നത്. കൊടും വേനലിലും കുടിവെള്ളം പാഴായിട്ടും അതോറിറ്റി അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
വെള്ളം റോഡിന് കുറുകെ ഒഴുകി പൂപ്പല്‍ പിടിച്ച് നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്് നാട്ടുകാര്‍ പ്രഷര്‍ വാല്‍വില്‍ നിന്നും വെള്ളമെടുത്ത് പ്രതിഷേധിക്കുകയായിരുന്നു. തൃക്കാക്കര പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തെങ്ങോട്, വികാസവാണി, ഇടച്ചിറ, ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്ക് പോകുന്ന ശുദ്ധ ജലമാണ് പാഴാകുന്നത്. കാക്കനാട് ഓലിമുകളില്‍ വാട്ടര്‍ അതോറിട്ടി ടാങ്കില്‍ ശേഖരിക്കുന്ന കുടിവെള്ളം നഗരസഭ പ്രദേശത്തെ ആയിരക്കണക്കിന് വീടുകളിലും ഫ്‌ളാറ്റുളിലും സ്ഥാപനങ്ങളിലും തികയുന്നില്ലെന്ന് പരാതി നിലനില്‍ക്കെയാണ് കുടിവെള്ളം പലയിടത്തും സമാനമായ രീതിയില്‍ പാഴാകുന്നുണ്ടെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. ചിറ്റേത്തുകര ആദര്‍ശ റോഡില്‍ വര്‍ഷങ്ങളായി കുടിവെള്ളം പാഴായിട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ല. രാത്രിയിലാണ് ടാങ്കില്‍ നിന്ന്് കുടിവെള്ളം പമ്പ് ചെയ്യുന്നത്. ഈ സമയം ഉദ്യോഗസ്ഥര്‍ ഓഫിസുകളില്‍ ഉണ്ടാകാറില്ല. രാത്രിയില്‍ പമ്പ് ചെയ്യുന്ന വെള്ളം പുലര്‍ച്ചെക്കുള്ളില്‍ പ്രഷര്‍ വാല്‍വില്‍ നിന്നും പാഴായി പോയിരിക്കും. ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം സ്വകാര്യ വിതരണക്കാരില്‍ നിന്നും പണംകൊടുത്തു വാങ്ങുകയാണ്. ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളത്തിന് തോന്നിയ വിലയാണ് ഈടാക്കുന്നത്. ജല അതോറിട്ടി പൈപ്പ്‌ലൈനില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തുമൂലം ലക്ഷക്കണക്കിനു രൂപയാണ് നഷ്ടമുണ്ടാകുന്നത്. തുതിയൂര്‍, ചിറ്റേത്തുകര, ഇടച്ചിറ, തെങ്ങോട്, അത്താണി, കൊല്ലംകുടിമകള്‍, തൃക്കാക്കര, ഓലിമുകള്‍ മേഖലയിലുമാണ് കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. നാട്ടുകാരായ പി.എം മാഹിന്‍കുട്ടി, കെ.എന്‍നിയാസ്, സനൂബ്, സാബു, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
















