കൂത്തുപറമ്പ്: ചെറുവാഞ്ചേരി പാട്യം ഗോപാലന്‍ മെമ്മോറിയന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കണ്ണവം എസ്‌ഐയുടെ അതിക്രമത്തില്‍ 3 എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എബിവിപി പ്രവര്‍ത്തകനും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ അഭിനവിനെ എംഎസ്എഫുകാര്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പാലിന്റെ അനുമതിയോടു കൂടി പ്രകടനം നടത്താന്‍ വന്ന എബിവിപി യൂണിറ്റ് ഭാരവാഹികളെയാണ് കണ്ണവം എസ്‌ഐ ഗണേഷും പോലീസുകാരും മര്‍ദ്ധിച്ചത്. ലാത്തിവെച്ച് മുഖത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ അതുല്‍ രാജ് (16), സി.കെ.നിതിന്‍(16), കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ എം.വിഷ്ണു(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്.
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി പറഞ്ഞു. എബിവിപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കാന്‍ മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ കണ്ണൂര്‍ ജില്ലയിലെ സ്‌ക്കൂളുകളില്‍ എബിവിപി കരിദിനം ആചരിക്കുമെന്നും പോലീസ് നരനായാട്ടിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി അറിയിച്ചു.
















