കൊട്ടാരക്കര: സഹകരണ ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവിനെതിരെ അവിശ്വാസത്തിന് എല്‍ഡിഎഫ് കത്ത് കൊടുത്തു. സിപിഎം കൊട്ടാരക്കര ഏരിയകമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെ.ഹര്‍ഷകുമാറിനെതിരെയാണ് നീക്കം. കൊട്ടാരക്കര സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ക്കാണ് കത്ത് നല്‍കിയത്. ഇതോടെ പതിനൊന്നംഗങ്ങളുള്ള ഭരണസമിതിയില്‍ സിപിഎം കൊട്ടാരക്കര ഏരിയകമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെ.ഹര്‍ഷകുമാര്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താകും. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് പിന്നില്‍. നിയമനവിവാദം ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ നിന്ന് ഹര്‍ഷകുമാര്‍ ഇറങ്ങിപോയതോടെയാണ് അവിശ്വാസ നീക്കം തുടങ്ങിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ വേണുവിനെ പ്യൂണായി നിയമിക്കാന്‍ ഏരിയാകമ്മറ്റിയും ഡയറക്ടര്‍ബോര്‍ഡും തീരുമാനമെടുത്തു. തീരുമാനം അംഗീകരിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല. തന്റെ ബദല്‍ഗ്രൂപ്പുകാരനായ ആളിനെ നിയമിക്കുന്നതിനെതിരെ പ്രസിഡന്റ് ശക്തമായ നിലപാടെടുത്ത് രംഗത്ത് വന്നു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡ് വീണ്ടും കൂടി തീരുമാനമെടുത്തുതോടെ പ്രസിഡന്റ്‌യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപോയി. മാത്രമല്ല ബോര്‍ഡ് തീരുമാനം വെട്ടിതിരുത്തി. ഇതിനെതിരെ ബോര്‍ഡംഗങ്ങള്‍ നേതൃത്വത്തിന് പരാതി കൊടുത്തു. നേതൃത്വം നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതോടെ അവിശ്വാസത്തിന് നേതൃത്വം പച്ചകൊടി കാട്ടുകയായിരുന്നു. ജില്ലയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കൊട്ടാരക്കര ഏരിയകമ്മറ്റിയില്‍ ഭൂരിപക്ഷം നിലവിലെ ഏരിയസെക്രട്ടറിക്കെതിരാണ്. ഏരിയകമ്മറ്റി തീരുമാനത്തെ അട്ടിമറിച്ച നേതാവിനെതിരെ അച്ചടക്കനടപടി വേണമെന്നാവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
















