കുളത്തൂപ്പുഴ: ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ എട്ടാമത് വിളവെടുപ്പിനുള്ള നെല്‍വിത്ത് പാകി. മൂന്നേമുക്കാല്‍ വര്‍ഷമായി തുടരുന്ന കൃഷിയുടെ ഭാഗമായാണ് വിത്ത് പാകല്‍ ചടങ്ങ് നടന്നത്. ഭൂസമരനേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രതീഷ് ടി.ഗോപി, വി.രമേശന്‍, ബാബുജി, മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അരിപ്പ ഭൂസമരം തകര്‍ക്കുന്നതിനായി ചില ബാഹ്യ ശക്തികള്‍ ബോധപൂര്‍വം സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു. ആദിവാസികളുടെയും ദളിതരുടെയും ഭൂരഹിതരുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂസമരം പരിഹരിക്കുന്നതിന് സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പലതവണ ഉറപ്പ് നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ മൂലം പരിഹാരശ്രമം പാളുകയായിരുന്നുവെന്ന് ശ്രീരാമന്‍ ചൂണ്ടിക്കാട്ടി.
















