കോട്ടയം: ആവശ്യത്തിന് സമയം ലഭിച്ചിട്ടും ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാതെ റേഷന്‍ സംവിധാനം അട്ടിമറിച്ച ഇടതുവലത് മുന്നണികള്‍ പട്ടിണിയെ രാഷ്‌ട്രീയവത്ക്കരിക്കുകയാണെന്ന് ബിജെപി മദ്ധ്യമേഖലാ അദ്ധ്യക്ഷന്‍ അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്ത കേരള സര്‍ക്കാരിന്റെ നയത്തിനെതിരെയും ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കാതെ കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിട്ട ഇരുമുന്നണികള്‍ക്കെതിരെയും ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സപ്ലൈ ഓഫീസിലേക്ക് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍പോലും ഏറ്റെടുക്കാതെയും റേഷന്‍ സംവിധാനം കാര്യക്ഷമമാക്കാതെയും ഈ മേഖലയെ താറുമാറാക്കിയത് ഈ മുന്നണികളുമാണ്. സ്വന്തം പാര്‍ട്ടിക്കാരെ ബിപിഎല്‍ ലിസ്റ്റില്‍ തിരുകിക്കയറ്റാന്‍ വില്ലേജ് ഓഫീസര്‍മാരെ കരുവാക്കുന്നു. അഴിമതി നടത്താനുള്ള അംഗീകാരമാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആമുഖപ്രസംഗം നടത്തി. 2013-ല്‍ ആരംഭിച്ച റേഷന്‍കാര്‍ഡ് വിതരണത്തിനുള്ള കാര്യങ്ങള്‍ നടത്താന്‍പോലും കഴിവില്ലാത്ത മുന്നണികളാണ് രാജ്യത്തെ പട്ടിണിമാറ്റാന്‍ ആഹോരാത്രം പണിയെടുക്കുന്ന മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ സി.എന്‍. സുഭാഷ്, കെ.പി. ഭുവനേശ്, സംസ്ഥാന സമിതിയംഗങ്ങളായ ടി.എന്‍. ഹരികുമാര്‍, കൃഷ്ണകുമാര്‍ ചങ്ങനാശേരി, ബിനു.ആര്‍.വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.















