ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് വീണ്ടും ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം.
ഗ്രൂപ്പ് സിയില്‍ ഇരു ടീമുകളും കഴിഞ്ഞ മാസംഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തിരുന്നു. ആ ദയനീയ പരാജയത്തിന് പകരം വീട്ടുക എന്നതാണ് മുന്‍ ബാഴ്‌സ കോച്ചും ഇപ്പോള്‍ സിറ്റിയുടെ പരിശീലകനുമായ പെപ്പ് ഗ്വാര്‍ഡിയോളയുടെ ലക്ഷ്യം.
ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ മെസ്സി-സുവാരസ്-നെയ്‌മര്‍ സഖ്യത്തോടാണ് സ്റ്റര്‍ലിങ്, അഗ്യൂറോ, ഡിബ്രൂയന്‍ എന്നിവരുള്‍പ്പെട്ട സിറ്റിക്ക് പോരാടനുള്ളത്. ഇന്ന് വിജയിച്ചാല്‍ ബാഴ്‌സക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാം. കളിച്ച മുന്ന് കളികളും ജയിച്ച് 9 പോയിന്റാണ് ബാഴ്‌സക്കുള്ളത്. അതേസമയം സിറ്റിക്കും ഇന്ന് വിജയം അനിവാര്യമാണ്. നിലവില്‍ മൂന്ന് കളികൡ നിന്ന് നാല് പോയിന്റ് മാത്രമാണ് സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്ക് സെല്‍റ്റിക്കുമായി ഏറ്റുമുട്ടും. മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്കിന് മൂന്നും സെല്‍റ്റിക്കിന് ഒരു പോയിന്റുമാണുള്ളത്.
ഗ്രൂപ്പ് എയില്‍ നടക്കുന്ന എവേ മത്സരത്തില്‍ ആഴ്‌സണല്‍ എവേ മത്സരത്തില്‍ ലുഡോ റസ്ഗാഡുമായി ഏറ്റുമുട്ടും. കഴിഞ്ഞ മാസം നടന്ന കളിയില്‍ ആഴ്‌സണല്‍ 6-0ന് ലുഡോയെ തകര്‍ത്തിരുന്നു. മറ്റൊരു മത്സരത്തില്‍ പിഎസ്ജി എവേ പോരാട്ടത്തില്‍ ബാസലുമായി ഏറ്റുമുട്ടും. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ ആഴ്‌സണലിനും പിഎസ്ജിക്കും നോക്കൗട്ടില്‍ പ്രവേശിക്കാം. രണ്ട് ടീമുകള്‍ക്കും മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റാണുള്ളത്. മൂന്ന് കളികളില്‍ നിന്ന് 1 പോയിന്റ് മാത്രമുള്ള ബാസലും ലുഡോ റസ്ഗാഡും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.
ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ ബസിക്റ്റാസ് നാപ്പോളിയുമായും ബെനഫിക്ക ഡൈനാമോ കീവുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റികോ മാഡ്രിഡിനും നോക്കൗട്ട് റൗണ്ട് ഒരു ജയം അകലെ. സ്വന്തം മൈതാനത്ത് അവരുടെ എതിരാളികള്‍ എഫ്‌സി റൊസ്‌റ്റോവ്. മറ്റൊരു കളിയില്‍ ബയേണ്‍ മ്യൂണിക്ക് പിഎസ്‌വി ഐന്തോവനുമായും ഏറ്റുമുട്ടും. മൂന്ന് കളികളില്‍ നിന്ന് 6 പോയിന്റുള്ള ബയേണും ഇന്ന് ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കും.
















