വടകര: വടകരയിലെ ദര്‍ശന ഫാബ്രിക്‌സിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടം. വടകര അടക്കാതെരുവിലെ പാറേമ്മല്‍ സ്‌കൂളിന് സമീപമുള്ള ഗോഡൗണിലാണ് ഇന്നലെ പുലര്‍ച്ചെ 5.30ഓടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അടക്കാതെരുവ് സ്വദേശി ദീപം ഹൗസില്‍ ടി.കെ. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണ്‍. വടകര നീലംകുന്ന് ടി.പി ബാലന്‍ നായരുടെ ഉടമസ്ഥതയിലാണ് കെട്ടിടമുള്ളത്. ലിനന്‍ തുണികളും സാരികളുമടക്കം ഗോഡൗണില്‍ സൂക്ഷിച്ച മുഴുവന്‍ സാധനങ്ങളും തീപിടിത്തത്തില്‍ കത്തി നശിച്ചു. വടകര ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തി മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് തീ അണച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ മനോജ് നേതൃത്വം നല്‍കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം.















