നിലമ്പൂര്‍: കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോഴും സ്ഥാനമാനങ്ങളോടുള്ള അത്യാഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കുന്നില്ല. ദേശീയതലത്തില്‍ പോലും നിലനില്പ്പില്ലാതെ ഉഴറുകയാണ് പാര്‍ട്ടി. കേരളത്തിലെ കാര്യം പറയുകയേ വേണ്ട. ന്യൂനപക്ഷ പ്രീണനം കൈമുതലാക്കിയ യുഡിഎഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതേ ന്യൂനപക്ഷങ്ങള്‍ തന്നെ തിരിഞ്ഞുകൊത്തി. സമസ്ത മേഖലയിലും പ്രശ്നങ്ങള്‍ മാത്രം. പ്രശ്ന പരിഹാരത്തിനായി നേതാക്കള്‍ നെട്ടോട്ടം ഓടുമ്പോഴാണ് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നത്. പതിനാറ് മണ്ഡലങ്ങളിലും വിഭാഗീയത അതിരൂക്ഷമായിരിക്കുന്നു. അടുത്തകാലത്ത് ചേര്‍ന്ന മണ്ഡലം കമ്മിറ്റികളെല്ലാം കൈയാങ്കളിയിലാണ് അവസാനിച്ചത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയാണ് നിലവിലുള്ള മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണ് ഇതിനായി പിടിമുറുക്കിയിരിക്കുന്നത്.
നിലമ്പൂരില്‍ നിന്നുള്ള രണ്ട് എ ഗ്രൂപ്പ് നേതാക്കള്‍ നേര്‍ക്കുനേര്‍ വന്നതും കോണ്‍ഗ്രസിന് തലവേദനയായി. കഴിഞ്ഞമാസം അമരമ്പലത്ത് നടന്ന മണ്ഡലം കമ്മിറ്റിയില്‍ 16 വര്‍ഷമായി തുടരുന്ന ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പ്രശ്നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് അമരമ്പലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്യാടന് മുഹമ്മദ് വിളിച്ചുചേര്‍ത്ത യോഗവും തമ്മില്‍തല്ലി പിരിഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത ആര്യാടന് ഷൗക്കത്തിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍ അല്ലാത്ത ഷൗക്കത്തിന്റെയും വി.പി.കരീമിന്റെയും ആളുകള്‍ യോഗത്തിനെത്തിയതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് ആര്യാടന് മുഹമ്മദിന്റെ നോമിനിയായ വി.എ.കരീമും നിയസമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ വാശിയില്‍ വി.വി.പ്രകാശുമാണ് രംഗത്തുള്ളത്. ഇരുവരും എ ഗ്രൂപ്പുകാരായതിനാല്‍ അണികളും രണ്ടുതട്ടിലാണ്. കരീമിനുവേണ്ടി ഉന്നതങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് ആര്യാടനാണ്.
പ്രകാശ് പ്രസിഡന്റായാല്‍ ജില്ലയിലെ തന്റെ മേല്‍ക്കോയ്മ നഷ്ടപ്പെടും എന്ന കണക്കുകൂട്ടലിലാണ് വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വി.എ.കരീമിനുവേണ്ടി ആര്യാടന് ചരടുവലിക്കുന്നത്. തന്റെ തീരുമാനം മറികടന്ന് ഡിസിസി പ്രസിഡന്റിനെ നിയമിച്ചാല്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയും ആര്യാടന് കെപിസിസിക്ക് മുന്നില്‍ ഉയര്‍ത്തി കഴിഞ്ഞു.
ജില്ലയിലെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളില്‍ ഒരാളായ വി.വി.പ്രകാശ് ഉറച്ച നിലപാടിലാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്നത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പുതിയ കരുനീക്കം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മാനസിക പിന്തുണയും പ്രകാശിനാണ്. നിലവിലെ ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ പിന്തുണയും പ്രകാശിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: