ഹോക്കിയില്‍ സെമി
കൗന്ദാന്‍ (മലേഷ്യ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ഇന്ത്യ, കരുത്തരായ ദക്ഷിണ കൊറിയയെ നേരിടും. പ്രാഥമിക മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ അവസാന കൡയില്‍ മലേഷ്യയെ സമനിലയില്‍ പിടിച്ച് നാലാമതായാണ് കൊറിയ ഒന്നാമന്മാരായ ഇന്ത്യയെ നേരിടാന്‍ യോഗ്യത നേടിയത്. പാക്കിസ്ഥാനും ആതിഥേയരായ മലേഷ്യയും തമ്മില്‍ രണ്ടാം സെമി. മത്സരങ്ങള്‍ ഇന്ന്.
ടൂര്‍ണമെന്റില്‍ ഇന്ത്യയെ പിടിച്ചുകെട്ടിയ ഏക ടീമാണ് കൊറിയ. പ്രാഥമിക റൗണ്ടില്‍ കൊറിയയോട് സമനില വഴങ്ങി. കാലിനു പരിക്കേറ്റ നായകനും ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷ് കളിക്കുമോയെന്നതാണ് സെമിക്കിറിങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക. പ്രാഥമിക റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങളില്‍ ശ്രീജേഷ് കളിച്ചില്ല. സെമിയും ഫൈനലും ലക്ഷ്യമിട്ടാണ് മലയാളി താരം വിട്ടുനിന്നത്. പ്രതിരോധ നിരയിലെ സുരേന്ദര്‍ കുമാറിനും കളിക്കാനാകില്ല. കഴിഞ്ഞ കളിയില്‍ എതിര്‍ താരത്തിന്റെ മുഖത്തിനു നേരെ സ്റ്റിക്ക് ഉയര്‍ത്തിയതിന് രണ്ടു കളികളില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചു സുരേന്ദറിന്.
ശ്രീജേഷ് കളിക്കുമെന്നാണ് വിശ്വാസമെന്ന് പരിശീലകന്‍ റോളന്‍ഡ് ഓള്‍ട്ട്മാന്‍സ് പറഞ്ഞു. ഇല്ലെങ്കില്‍ കഴിഞ്ഞ കളിയിലേതുപോലെ ആകാശ് ചിക്തേ വല കാക്കും. മികച്ച ഗോള്‍ കീപ്പറാണ് ചിക്തേയെന്നും പരിശീലകന്‍ പറഞ്ഞു. ശ്രീജേഷിന്റെ അഭാവം അറിയിച്ചില്ല ചിക്തേ. പെനല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കുന്നതില്‍ മിടുക്കു കാണിക്കൂന്ന രുപീന്ദര്‍പാല്‍ സിങ്ങിലാണ് പ്രതീക്ഷ. മധ്യ-മുന്നേറ്റ-പ്രതിരോനിരകളുടെ ഒത്തൊരുമയും കരുത്ത്.
കൊറിയയോട് സമനില വഴങ്ങിയതോടെ മലേഷ്യ രണ്ടാംസ്ഥാനക്കാരായി. ചൈനയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ മൂന്നാംസ്ഥാനത്തെത്തി. സ്ഥാനനിര്‍ണയ പോരാട്ടങ്ങളില്‍ ജപ്പാനും ചൈനയും മാറ്റുരയ്‌ക്കും.
ക്രിക്കറ്റില്‍ ‘ഫൈനല്‍’
വിശാഖപട്ടണം: ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പര ആര്‍ക്കെന്നറിയാന്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇന്ന് വിശാഖപട്ടണത്തേക്ക്. ആദ്യ നാലു കളികള്‍ ഇരു ടീമുകളും പങ്കിട്ടെടുത്തതോടെ നിര്‍ണായകമായ അഞ്ചാം മത്സരത്തിന്റെ ഫലം അപ്രവചനീയം. ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര നേടാനുള്ള കിവികളുടെ കാത്തിരിപ്പ് നീളുമോയെന്ന് ഇന്നറിയാം. പകല്‍രാത്രി മത്സരം ഉച്ചയ്‌ക്ക് ഒന്നര മുതല്‍.
ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി തോറ്റ കിവികളെയല്ല ഏകദിനത്തില്‍ കണ്ടത്. തോല്‍വിയോടെ തുടങ്ങിയെങ്കിലും രണ്ട്, നാല് മത്സരങ്ങള്‍ ജയിച്ച് കരുത്തു തെളിയിച്ചു അവര്‍. വിരാട് കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നതിനു നല്‍കിയ വിലയാണ് ഇന്ത്യന്‍ തോല്‍വികള്‍. തോറ്റ കളികള്‍ ഇതിനു സാക്ഷ്യം. എന്നാല്‍, ബാറ്റിങ്ങിന്റെ പകുതി ഉത്തരവാദിത്തം വാലറ്റം ഏറ്റെടുത്തതോടെ വലിയ തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ടത്.
ദീപാവലിയും വിശാഖപട്ടണവും നായകന്‍ എം.എസ്. ധോണിയും തമ്മിലൊരു ബന്ധമുണ്ട്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ ദീപാവലി ദിനത്തില്‍ കുറിച്ച സെഞ്ചുറി. അതേ വര്‍ഷം ഏപ്രിലില്‍ വിശാഖപട്ടണത്ത് പാക്കിസ്ഥാനെ നിഷ്പ്രഭമാക്കിയ മറ്റൊരു ശതകം. ഒരു താരോദയമായിരുന്നു അന്ന്. വീണ്ടുമൊരു ദീപാവലി, മത്സരം വിശാഖപട്ടണത്ത്. ധോണിയുടെ ബാറ്റ് വീണ്ടും വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. കഴിഞ്ഞ ദിവസം കളിച്ച ടീമില്‍ ഒരു മാറ്റത്തിനേ സാധ്യതയുള്ളു പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിക്കു പകരം ജസ്പ്രീത് ബുംറ കളിക്കും.
അപ്രതീക്ഷിത ക്ലൈമാക്‌സിനു കാതോര്‍ക്കുന്ന കിവികള്‍ക്ക് ജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷയുമില്ല. റാഞ്ചിയില്‍ കളിച്ച ആന്റണ്‍ ഡെവിച്ചിനു പകരം കോറി ആന്‍ഡേഴ്‌സണിനെ കളിപ്പിക്കാന്‍ സാധ്യത.
ക്യാന്ത് ചുഴലിക്കാറ്റിന്റെ ഭീതിയില്‍ നില്‍ക്കുന്ന വിശാഖപട്ടണത്ത് മഴയ്‌ക്കു സാധ്യത. വ്യാഴാഴ്ച രാത്രിയും നഗരത്തില്‍ കനത്ത മഴ പെയ്തു. 80 ശതമാനം മൈതാനവും മൂടിയിട്ടുണ്ടെന്ന് ക്യുറേറ്റര്‍ കെ. നാഗമല്ലയ പറഞ്ഞു. മഴ പിച്ചിനെ ബാധിക്കില്ലെന്നും അദ്ദേഹം.
സാധ്യതാ ടീം:
ഇന്ത്യ – രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, എം.എസ്. ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ് – മാര്‍ട്ടിന്‍ ഗുപ്ടില്‍, ടോം ലഥം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), ജയിംസ് നീഷം, ആന്റണ്‍ ഡെവിച്ച്/കോറി ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്, മാറ്റ് ഹെന്റി.
















