ചെങ്ങന്നൂര്‍: ഒളിപ്പിച്ച തോക്കുകള്‍ കണ്ടില്ലെന്നാരോപിച്ച് മോഷ്ടാവും കൂട്ടാളിയും സ്‌കൂളില്‍ കയറി അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളെയും പാചക തൊഴിലാളിയെയും കത്തികാട്ടി ഭീഷണിപ്പെടുത്തി. ചെങ്ങന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍പെട്ട മുളക്കുഴ അരീക്കര വട്ടമുകടി ഗവ. എല്‍പി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
അരീക്കര മംഗലത്ത് വീട്ടില്‍ രഞ്ജിത്ത് (31)ആണ് അതിക്രമം കാട്ടിയത്. മോഷ്ടാവും ജയില്‍പ്പുള്ളിയുമായ ഇയാള്‍ അടുത്തിടെയാണ് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. അതിനുശേഷം ഈ സ്‌കൂളിലായിരുന്നു രാത്രിയില്‍ കിടന്നുറങ്ങിയിരുന്നത്. വ്യാഴാഴ്ച രാവിലെ ഹെഡ്മിസ്ട്രസും സ്‌കൂള്‍ ജീവനക്കാരും സ്‌കൂളില്‍ എത്തിയപ്പോള്‍ ഇയാള്‍ കൂട്ടാളിയുമൊത്ത് ബൈക്കില്‍ സ്‌കൂളില്‍ എത്തുകയും കയ്യില്‍ കരുതിയിരുന്ന കത്തി വീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പലപ്പോഴായി ഇയാള്‍ 12 വ്യാജ തോക്കുകള്‍ സ്‌കൂളിന്റെ പല ഭാഗത്തായി ഒളിപ്പിച്ചു വെച്ചതായും ഇപ്പോള്‍ അവ കാണുന്നില്ലെന്നു പറഞ്ഞായിരുന്നു ബഹളം. ഭയന്ന അദ്ധ്യാപികമാരും വിദ്യാര്‍ത്ഥികളും തോക്കു കണ്ടില്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ ഭീഷണി തുടര്‍ന്നു.
വിവരമറിഞ്ഞ് സ്‌കൂളില്‍ എത്തിയ രക്ഷകര്‍ത്താക്കളെയും നാട്ടുകാരെയും കണ്ട് സംഘം പിന്‍വാങ്ങിയെങ്കിലും വീണ്ടും എത്തുമെന്നും അപ്പോള്‍ തോക്കുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെ ഭയന്ന അദ്ധ്യാപകര്‍ ചെങ്ങന്നൂര്‍ എഇഒ കെ.കെ. ബിന്ദുവിനെ ബന്ധപ്പെടുകയും ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് ചെങ്ങന്നൂര്‍ പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ പോലീസ് സ്ഥലത്തെത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ഈ സംഭവത്തിന് ശേഷം രാത്രി ഇയാള്‍ സ്‌കൂളില്‍ എത്തിയിരുന്നു.
മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്. സ്‌കൂളിന് താഴെ പോസ്‌റ്റോഫീസിന് സമീപമുള്ള അങ്കണവാടി യുടെ മുറ്റത്ത് ഇയാളുടേതെന്നു കരുതുന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. ഈ വാഹനവും മോഷ്ടിച്ചതാവാം എന്ന് പ്രദേശവാസികള്‍ പറയുന്നു.
















