കോഴിക്കോട്: 2016-17 വാര്‍ഷിക പദ്ധതിയ്‌ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമസഭ, വാര്‍ഡ്‌സഭ യോഗങ്ങള്‍ ചേര്‍ന്ന് നവംബര്‍ 15 നകം ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടതാണെന്ന് വികേന്ദ്രീകൃത ആസൂത്രണത്തിനുളള സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മാത്രമേ എല്ലാ യോഗ്യത രേഖകളും ഹാജരാക്കേണ്ടതുളളൂ എന്നും കമ്മിറ്റി അറിയിച്ചു.
2016-17 ലെ വാര്‍ഷിക പദ്ധതിയ്‌ക്ക് അംഗീകാരം ലഭിച്ച നിര്‍മ്മാണ പ്രവൃത്തികളുടെ സാങ്കേതിക അനുമതി നവംബര്‍ 15 നകം ലഭ്യമാക്കണം. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന എഞ്ചിനീയറുടെ മേല്‍ ഉദ്യോഗസ്ഥന്‍ സാങ്കേതികാനുമതി നല്‍കുന്ന നിലവിലെ രീതി തുടരുന്നതാണ്.
പദ്ധതി പുരോഗതി, വിവിധ വകുപ്പുകള്‍ തമ്മിലുളള ഏകോപനം, വ്യക്തിഗത ഗുണഭോക്തൃ പട്ടിക നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കല്‍, അംഗീകരിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സമയ പരിധിയ്‌ക്കകം സാങ്കേതിക അനുമതി നല്‍കല്‍ എന്നിവ സമയബന്ധിതമായി നടക്കുന്നു എന്ന് ജില്ലാതല കമ്മിറ്റി രൂപീകരിച്ച് പ്രതിവാര മോണിറ്ററിംഗ് നടത്തും. കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും കണ്‍വീനര്‍ ജില്ലാ കലക്ടറും ആയിരിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ എന്നിവരാണ് അംഗങ്ങള്‍. മാസത്തിലൊരു തവണ ബ്ലോക്കടിസ്ഥാനത്തില്‍ അവലോകനം നടത്തും.ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമുളള തദ്ദേശമിത്രം പദ്ധതിയുടെ 2016-17 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്രാന്റ് വിഹിതം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരമുളള പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നവംബര്‍ 15 നകം നേടേണ്ടതാണെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
















