മേപ്പയ്യൂര്‍: അധികൃതര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ കോളനി നിവാസികള്‍ ഇപ്പോഴും തീരാ ദുരിതത്തില്‍. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രകുന്ന് സാംബവ കോളനിയാണ് കടുത്ത അവഗണനയില്‍ കഴിയുന്നത്. അന്തിയുറങ്ങാന്‍ കുര പോലുമില്ലാത്ത അവസ്ഥയിലാണ് മിക്ക കുടുംബങ്ങളും. രോഗം ബാധിച്ച് അവശനിലയില്‍ കിടക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. കുടിവെള്ളവും വൈദ്യുതി റോഡ് എന്നിവ കോളനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. ഇവിടത്തെ ദയനീയ സ്ഥിതിയെപ്പറ്റി ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് ജില്ലാ കലക്ടര്‍, രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ കോളനി സന്ദര്‍ശിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. ഗ്രാമപഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സംഘടനകളും എല്ലാം അവഗണിക്കുന്ന പുലപ്രകുന്ന് കോളനിയില്‍ അനുദിനം ദുരിതമേറുകയാണ്. കോളനി നിവാസികള്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍.
















