മലപ്പുറം: ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി ചേലേമ്പ്ര പഞ്ചായത്തില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളുമായി പോയ 30 ലോറികള്‍ തമിഴ്നാട്ടില്‍ നാട്ടുകാരും പോലീസും പിടിച്ചിട്ടിരിക്കുന്നു. വാളയാര്‍ ചെക്ക് പോസ്റ്റിനടുത്ത് ചാവടിയിലാണ് 24 ലോറികള്‍ കഴിഞ്ഞ നാലുദിവസമായി തടഞ്ഞിട്ടിരിക്കുന്നത്.
ചേലേമ്പ്ര പഞ്ചായത്ത് കൊട്ടിയാഘോഷിച്ച് നടത്തിയ ഗ്രാമം ആരാമം പദ്ധതി ശുദ്ധ തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മന്ത്രി കെ.ടി.ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്ത് അയച്ച ലോറിയും ഡ്രൈവര്‍മാരുമാണ് കുടുങ്ങി കിടക്കുന്നത്.
പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നുമായി ശേഖരിച്ച മാലിന്യങ്ങള്‍ റീ സൈക്ലിംഗ് യൂണിറ്റിന് കൈമാറുകയായിരുന്നു. നിറവ് വേങ്ങേരിയാണ് മാലിന്യം സംസ്കരിക്കാന്‍ കരാറെടുത്തിരുന്നത്. കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലേക്ക് മാലിന്യം കൊണ്ടുപോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കരാറുകാരെ കുറിച്ച് വ്യക്തമായി അന്വേഷിച്ചതിന് ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പക്ഷേ ഇപ്പോള്‍ മാലിന്യം തമിഴ്നാട്ടില്‍ എങ്ങനെയെത്തിയെന്ന് ആര്‍ക്കും മനസിലാകുന്നില്ല.
എന്നാല്‍ കരാറെടുത്ത കമ്പനി തട്ടിപ്പാണെന്ന് ലോറി ഡ്രൈവറായ ജയപ്രകാശ് ജന്മഭൂമിയോട് പറഞ്ഞു. മറ്റൊരു കമ്പനിയുടെ ബില്ലും പേപ്പറും ഉപയോഗിച്ചാണ് ഇവര്‍ കേരളാ അതിര്‍ത്തി കടക്കുന്നത്. ചാവടിയില്‍ ഈ അനധികൃത കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ പോലുള്ള സാധനങ്ങള്‍ ഇവിടെ വെച്ച് തരംതിരിച്ച് വില്‍ക്കുകയാണ് പതിവ്.
30 ലോറികളാണ് ചേലേമ്പ്രയില്‍ നിന്നും പോയത്. ആറ് ലോറികള്‍ ലോഡിറക്കി തിരികെ പോന്നു. പിന്നീട് ചെന്ന 24 ലോറികളും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: