ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സ് ഗുസ്തിയിലെ വെങ്കല മെഡല്‍, വെള്ളിയാകുമെന്ന ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ പ്രതീക്ഷയ്‌ക്ക് തിരിച്ചടി. വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുദുക്കോവ് ഉത്തേജകം ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടില്‍ പുനരന്വേഷണം വേണ്ടെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. 2012 ഒളിമ്പിക്‌സിന് ഒരു വര്‍ഷത്തിനു ശേഷം കുദുക്കോവ് വാഹനാപകടത്തില്‍ മരിച്ചു. ഇതാകാം തീരുമാനത്തിനു പിന്നിലെന്ന് കരുതുന്നു.
കുദുക്കോവിന്റെ സാമ്പിള്‍ പോസിറ്റീവെന്ന് അന്താരാഷ്‌ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി സ്ഥിരീകരിച്ചതിനു പിന്നാലെ വെള്ളി മെഡല്‍ വേണ്ടെന്ന് യോഗേശ്വര്‍ പ്രഖ്യാപിച്ചു. മെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിനു കൈവശം വയ്‌ക്കാമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഒളിമ്പിക്‌സ് പ്രീ ക്വാര്‍ട്ടറില്‍ കുദുക്കോവിനോട് തോറ്റ് റെപ്പഷാഗെ റൗണ്ടിലൂടെയാണ് യോഗേശ്വര്‍ വെങ്കലം സ്വന്തമാക്കിയത്.
















