പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കില്‍ ഭൂമി പോക്കുവരവു ചെയ്യാന്‍ സര്‍വ്വെയര്‍ അഞ്ച്‌ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു വെന്ന്പറഞ്ഞ് ഒരു കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അല്ലപ്ര സ്വദേശി കബീറിന്റെ ഭാര്യ ലൈല, ലൈലയുടെ മാതാവ് എന്നിവരാണ് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇവരെ പിന്നീട് പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സ് എ ത്തി അനുനയിപ്പിച്ച് താഴെയിറക്കി. ലൈലയുടെ പേരില്‍ അറയ്‌ക്കപ്പടിയില്‍ അമ്പത് സെന്റ് സ്ഥലം ഉണ്ട്. 1979-ല്‍ ഇവര്‍ക്ക് ഈ സ്ഥലത്തിന് പട്ടയം ലഭിക്കുകയും 1988 വരെ കൃത്യമായി സ്വന്തം പേരില്‍ കരമടച്ചും വന്നിരുന്നു. പിന്നീട് ഭൂമി പോക്കുവരവ് ചെയ്യാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ അപേക്ഷ പ്രകാരം സര്‍വ്വയര്‍മാര്‍ സ്ഥലം അളന്നു എങ്കിലും പലരുടെയും പേരിലാണ് സ്ഥലമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പിന്നീടും അപേക്ഷ നല്‍കിയെങ്കിലും സര്‍വ്വെയര്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും കബീര്‍ പറയുന്നു. എന്നാല്‍ അളന്ന് തിരിക്കാത്ത ഭൂമിയോട് ചേര്‍ന്നുള്ള ആളുകള്‍ മണ്ണെടുപ്പ് നടത്തുന്ന വിവരം അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ചൊവ്വാഴ്ച ഈ കുടുംബം കുന്നത്തുനാട് തഹസില്‍ദാരെ കണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് മക്കളുമൊത്ത് ഇന്നലെ താലൂക്ക് ഓഫീസിന് പരിസരത്ത് എത്തിയാണ് ഇവര്‍ ആത്മഹത്യാ ശ്രമം നടത്തിയത്. പോലീസും മറ്റ് അധികൃതരും ഇവരുമായി സംസാരിച്ചു. എംഎല്‍എ അടക്കമുള്ളവര്‍ ഫോണില്‍ സംസാരിക്കുവാന്‍ കൂട്ടാക്കിയില്ല.
ജില്ലാ കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് വൈകിട്ടുവരെ കബീറും കുടുംബവും താലൂക്ക് ഓഫീസില്‍ തന്നെ ഇരുന്നു. എന്നാല്‍ നവംബര്‍ അഞ്ചാം തീയതിക്കകം പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയെന്ന് കബീര്‍ പറഞ്ഞു. സര്‍വ്വെയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന നിലപാടിലാണ് തഹസീല്‍ദാര്‍.
















