കണ്ണൂര്‍: ജില്ലയിലെ ആദിവാസി കോളനികളില്‍ താമസിക്കുന്ന ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്ന ഇവര്‍ക്ക് ആശുപത്രികളിലെത്തി ചികില്‍സ നേടാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണിത്.
മാസത്തിലൊരിക്കല്‍ മെഡിക്കല്‍ സംഘം കോളനികള്‍ സന്ദര്‍ശിച്ച് ഗര്‍ഭിണികളുടെ ആരോഗ്യനില പരിശോധിച്ച് ആവശ്യമായ ചികില്‍സയും മരുന്നുകളും സൗജന്യമായി നല്‍കും. പ്രസവാനന്തരമുള്ള ആരോഗ്യ സംരക്ഷണത്തിന് പോഷകാഹാരങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റുകളും വിതരണം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള വാഹനത്തിനു പുറമെ, ശ്രീമതി എംപി അനുവദിച്ച രണ്ട് വാഹനങ്ങള്‍ കൂടി ഉപയോഗിച്ചാണ് മൊബൈല്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുക. വിവിധ ബ്ലോക്കുകളായി തിരിച്ച് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും മെഡിക്കല്‍ ക്യാംപ് നടത്തുകയെന്നും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
















