കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനു വേണ്ടി 23 ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളുകളെ തിരഞ്ഞെടുത്തു. പെരിങ്ങോം, രയരോം, ശ്രീപുരം, ഇരിക്കൂര്‍, ഉളിക്കല്‍, പാല, ആറളം, മാലൂര്‍, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കതിരൂര്‍, പാലയാട്, വേങ്ങാട്, ചാല, എടയന്നൂര്‍, ചട്ടുകപ്പാറ, കണ്ണാടിപ്പറമ്പ്, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂല്‍, ചെറുതാഴം, ചുഴലി, മാതമംഗലം എന്നീ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ജില്ലാ പഞ്ചായത്തിന്റെ അറിവോടെ മാത്രമേ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാവൂ എന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും യോഗം നിര്‍ദേശം നല്‍കി. അനുവാദത്തോടെയല്ലാതെ ഇനിമുതല്‍ നടത്തുന്ന ഇത്തരം നിയമനങ്ങള്‍ റദ്ദ് ചെയ്യുമെന്നും യോഗം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ, സെക്രട്ടറി ഇന്‍ ചാര്‍ജ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















