കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ വികസന-ക്ഷേമ പദ്ധതികളുടെ നിര്‍വഹണം സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാതലത്തിലും ഡിവിഷന്‍ തലങ്ങളിലും മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
പദ്ധതി നിര്‍വഹണപുരോഗതി ഓരോ മാസവും വിലയിരുത്തി ആവശ്യമായ നടപടികള്‍ അപ്പപ്പോള്‍ സ്വീകരിക്കുകയും ഇതുവഴി പദ്ധതി നടത്തിപ്പിലെ പ്രായോഗിക തടസ്സങ്ങള്‍ നീക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ജില്ലാതല പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍, പ്ലാന്‍ കോ-ഓഡിനേറ്റര്‍ എന്നിവര്‍ അംഗങ്ങളുമായാണ് ജില്ലാ തല മോണിറ്ററിംഗ് സമിതി രൂപീകരിക്കുക. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ജീവനക്കാരന്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോര്‍ട്ട് സമിതിക്ക് നല്‍കും.
ജില്ലാ പഞ്ചായത്ത് അംഗം ചെയര്‍മാനും നിര്‍വഹണ ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി രൂപീകരിക്കുന്ന ഡിവിഷന്‍ തല സമിതികളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍/പ്രതിനിധി, നിര്‍വഹണ ഏജന്‍സികളുടെ പ്രതിനിധികള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പ്രതിനിധി, ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. ഓരോ മാസവും ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് തലത്തില്‍ ആവശ്യാനുസരണം യോഗം ചേര്‍ന്ന് പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തിയ ശേഷം ജില്ലാതല സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
















