കുണ്ടറ:പനയം ഗ്രാമപഞ്ചായത്തില്‍ അമ്പലവയല്‍ വാര്‍ഡിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല എന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസറെ പിക്കറ്റ് ചെയ്തു.
രണ്ടാഴ്ചയായി കുടിവെള്ളക്ഷാമം രൂക്ഷമായ അമ്പലവയല്‍ വാര്‍ഡിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് വക പൈപ്പ്‌ലൈനിലൂടെ കുടിവെള്ളം എത്താതായിട്ട് ആഴ്ചകളായി. ഇവിടേക്കുള്ള ലൈന്‍ കേടായിട്ടും, വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ടിട്ടും ലൈന്‍ നന്നാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഉപരോധം. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കുടിവെള്ളം രൂക്ഷമായ മേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നിരിക്കെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ള ഈ പഞ്ചായത്തില്‍ കുടിവെള്ളത്തിന് ഏതെങ്കിലും പദ്ധതിയോ ഫണ്ടോ നീക്കിവച്ചിട്ടില്ല. ഇതിനെപ്പറ്റി തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഗ്രാമസഭകളില്‍ ആരും തന്നെ ഇതു ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണ് പുതിയ കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാത്തതെന്നാണ്. ഇനി എംഎല്‍എ, എംപി എന്നിവരുടെ ഫണ്ട് കിട്ടുകയാണെങ്കില്‍ കുടിവെള്ള പൈപ്പുകള്‍ നീട്ടികൊടുക്കാമെന്നും പദ്ധതി സ്ഥലത്ത് വെള്ളമുണ്ടെങ്കില്‍ പുതിയ പൈപ്പ് ലൈനില്‍കൂടി പമ്പ്‌ചെയ്ത് കൊടുക്കാമെന്നുമാണ് മറുപടി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അടിയന്തിരമായി വാര്‍ഡില്‍ കുടിവെള്ളം ടാങ്കില്‍ എത്തിക്കാമെന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് പ്രദീപ്, സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















