കുന്നത്തൂര്‍: വിവേചനബുദ്ധിയില്ലാതെ പാതയോരത്ത് വ്യാപാരികള്‍ മാലിന്യം നിക്ഷേപിക്കുന്നത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു.
ഭരണിക്കാവ് ടൗണില്‍ ചക്കുവള്ളി റോഡിന്റെ വശത്താണ് അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ചില വ്യാപാരികള്‍ മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. ഹോട്ടല്‍, പച്ചക്കറി, പഴക്കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ സ്ഥിരമായി തള്ളുന്നത്. ഇവ അഴുകി റോഡിലേക്ക് ഒഴുകി ഇറങ്ങുന്നത് കാല്‍നടയാത്ര പോലും ദുസഹമാക്കിയിട്ടുണ്ട്. ഇതുമൂലം ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സമീപത്തെ സ്‌കുളിലെ കുട്ടികളാണ്. രൂക്ഷമായ ദുര്‍ഗന്ധം ഏറ്റിട്ട് ഛര്‍ദിലും, മറ്റ് അധ്യസ്ഥതകളും നിത്യസംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതുമൂലം ക്ലാസ്സില്‍ ശ്രദ്ധിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി മൂക്കുപൊത്തി പിടിച്ചാണ് വിദ്യാര്‍ത്ഥികളുടെ നടപ്പ്. വ്യാപാരികളെ ബോധവല്‍ക്കരിച്ച് ഇവിടുത്തെ മാലിന്യനിക്ഷേപം ഒഴിവാക്കാന്‍ അടിയന്തിര നടപടി പഞ്ചായത്ത് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മാലിന്യകൂമ്പാരത്തിന് സമീപത്തായി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആരോഗ്യഭീഷണിയും നിലനില്‍ക്കുന്നു. മഴക്കാലമാകുന്നതോടെ കൊതുക് ജന്യ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനും ഇത് കാരണമാകും.
















