സ്വന്തം ലേഖകന്‍
അഞ്ചാലുംമൂട്: ‘ഞങ്ങള്‍ പാവങ്ങളാണ്. പട്ടിണി അറിഞ്ഞിട്ടുള്ളവര്‍. വിശന്ന് ചത്താലും എന്റെ മകന്‍ കളവ് നടത്തില്ലെന്ന് എനിക്ക് ഉറപ്പാണ്. ഒരു കുറ്റവും ചെയ്യാത്ത എന്റെ മോനേ അവര്‍ കള്ളനാക്കി. രാത്രി മുഴുവന്‍ അവനെ മര്‍ദ്ദിച്ചു. ചോദിക്കാന്‍ അവനാരുമില്ല, കൊന്നാലും കുഴപ്പമില്ലല്ലോ, അവര്‍ക്കറിയാം ഞങ്ങള്‍ക്കാരുമില്ലെന്ന്. അവനിപ്പോള്‍ മൂത്രം ഒഴിക്കാന്‍ പോലും കഴിയുന്നില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണം. ഇനി ആരെയും ഇങ്ങനെ തല്ലരുത്….
മോഷണ കുറ്റം ആരോപിച്ച് നാലുദിവസത്തോളം ലോക്കപ്പിലെ പോലീസ് മര്‍ദ്ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന രാജീവിന്റെ അമ്മ ഇന്ദിരയുടെ വാക്കുകളാണിത്. തൃക്കരുവ കാഞ്ഞിരംകുഴി അമ്പുതാഴതില്‍ വയലിലെ ഒരു കുടിലില്‍ വാടകയ്‌ക്ക് കഴിയുകയാണ് രാജീവും രോഗിയായ ഭാര്യ സതിയും മകള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി രാധികയും. ഇവരോടൊപ്പമാണ് മാതാപിതാക്കളായ മോഹനനും ഇന്ദിരയും താമസം. നിര്‍മാണതൊഴിലാളിയായ രാജീവ് നടുവേദനയും സഹിച്ചുകൊണ്ട് കുറച്ച് നാളായി അഞ്ചാലുംമൂട്ടിലെ ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തുവന്നിരുന്നത്. ഭാര്യ സതിയാകട്ടെ വയറ്റിലെ മുഴ നീക്കുന്നത് സംബന്ധിച്ച ചികിത്സയിലുമാണ്. പിതാവ് മോഹനനും രോഗബാധിതനായി കഴിയുന്നു. മാതാവ് ഇന്ദിര വീട്ടുജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മകനെയും ബന്ധുവായ ഷിബുവിനെയും പോലീസ് കൊണ്ടുപോയതറിഞ്ഞതെന്ന് ഇന്ദിര പറയുന്നു. വീടീന് തൊട്ടടുത്ത ജംഗ്ഷനിലാണ് അഞ്ചാലുംമൂട് എസ്‌ഐ താമസിക്കുന്നത്. രാത്രി തന്നെ എസ്‌ഐ താമസിക്കുന്ന വീട്ടില്‍ ഷിബുവിന്റെ മാതാവ് രമണിയും ഞങ്ങളും ചെന്ന് തിരക്കിയപ്പോള്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചതാണ്, നാളെ വിട്ടോളാമെന്നറിയിച്ചു. തിങ്കളാഴ്ച സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ഇവിടെയില്ലെന്നും സ്‌റ്റേഷന് മുന്നില്‍ ഇനി നിന്നാല്‍ നിങ്ങളും അകത്താകുമെന്നും ഒരു പോലീസുകാരന്‍ പറഞ്ഞു. മോനേ കാണണമെങ്കില്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ വന്ന് കണ്ടോളാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവത്രേ. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറു മണിവരെ കോടതിയില്‍ നിന്നെങ്കിലും മകനെയും ഷിബുവിനെയും കൊണ്ടുവന്നില്ല. അന്ന് രാത്രി ഒന്‍പത് മണിയോടെ വിട്ടയക്കുകയായിരുന്നു. കട്ടിട്ടില്ലന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവരെ എല്ലാരും കൂടി അടിക്കുകയായിരുന്നു. എല്ലാം മുകളില്‍ ഒരാള്‍ കാണുന്നുണ്ടല്ലോ…നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഒരുനിരപരാധിക്ക് പോലും ഈ ദുരിതം മേലില്‍ ഉണ്ടാകരുതെന്നും ഇവര്‍ പറയുന്നു.
















