കൊച്ചി: പട്ടിമറ്റത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമിയില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍ പോലീസ് എടുത്തുകൊണ്ടുപോയതില്‍ ഭക്തജനങ്ങളുടെ പ്രതിഷേധം.
പുരാതനമായ വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കഴിഞ്ഞ ദിവസം സമീപവാസിയായ ക്രിസ്ത്യന്‍ യുവാവാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ഭക്തജനങ്ങള്‍ താല്‍ക്കാലിക സംവിധാനമൊരുക്കി ക്ഷേത്രാചാരപ്രകാരമുള്ള പൂജകള്‍ നടത്തി. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തകര്‍ക്കപ്പെട്ട കണ്ടങ്ങക്കടവ് ചണ്ഡികാദേവി ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് ഇവയെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രം സ്ഥിതിചെയ്തിരുന്നത് ഈ സ്ഥലത്താണ്. ഇപ്പോള്‍ ഈ ഭൂമി ഡോ. തോമസ് വര്‍ഗീസിന്റെ കൈവശമാണ്. രണ്ട് ഏക്കര്‍ 10 സെന്റ് വരുന്ന ഭൂമി റവന്യൂരേഖകളില്‍ ക്ഷേത്രം പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധന നടത്തിക്കൊണ്ടിരുന്ന വിഗ്രഹങ്ങള്‍ ആരെയും അറിയിക്കാതെ രാത്രി എടുത്തുമാറ്റിയ പോലീസ് നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഗ്രഹങ്ങള്‍ എടുത്തുമാറ്റിയതെന്ന് പോലീസ് അവകാശപ്പെടുന്നു. ഭക്തജനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ അഖണ്ഡനാമജപം നടത്തി.
















