ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ മങ്ങാടിക്കുന്ന് ഇടിച്ചു നിരത്തിയുള്ള മണ്ണ് വില്‍പ്പന നിര്‍ബാധം തുടരുന്നു. മാസങ്ങളായി ഇവിടെ രാഷ്ട്രീ സ്വാധീനങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ണ് വില്‍പ്പന തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. മണ്ണെടുത്ത് നൂറുകണക്കിന് ലോഡ് മണ്ണാണ് ലോറികളില്‍ വില്‍പ്പനയ്ക്കായി കൊണ്ട് പോകുന്നത്. മണ്ണ് ഖനനം ചെയ്തു നീക്കുന്നതിനുള്ള അനുമതി ലഭിച്ചെന്നു പറഞ്ഞാണ് കുന്നിടിച്ച് മണ്ണുവില്‍പ്പന നടത്തിവരുന്നത്. ഇരിങ്ങാലക്കുട വില്ലേജ് സര്‍വ്വേ 241/1 ല്‍പ്പെട്ട 0.2530 ഹെക്ടര്‍ സ്ഥലത്തു നിന്ന് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാരിസ്ഥിതിക സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നും പറയുന്നു. എന്നാല്‍ ഇതിലൊരിടത്തും കുന്നിടിച്ചാണ് മണ്ണെടുക്കുന്നതെന്നുള്ള യാതൊരു സൂചനയുമില്ല. സര്‍ട്ടിഫിക്കറ്റില്‍ അനുവദിച്ച പ്രകാരമുള്ള അളവില്‍ മാത്രമേ സാധാരണ മണ്ണ് നീക്കം ചെയ്യാന്‍ പാടുകയുള്ളു എന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും ഖനനം അനുവദിച്ച സ്ഥലം അധികൃതര്‍ അടയാളപ്പെടുത്താത് മൂലം അവ്യക്തത നിലനില്‍ക്കുന്നുണ്ട്. തണ്ണീര്‍ത്തടങ്ങളോ വയലുകളോ അല്ലെങ്കില്‍ ഏതെങ്കിലും നിരോധനം പ്രാബല്യത്തിലുള്ള ഭൂമിയിലോ ഈ മണ്ണ് നിക്ഷേപിക്കാന്‍ പാടുള്ളതല്ല. പക്ഷെ ക്രൈസ്റ്റ് ആശ്രമ അധികൃതര്‍ ഈ മണ്ണ് മാഫിയകള്‍ക്ക് മറിച്ചു വില്ക്കുകയാണിപ്പോള്. തന്മൂലം ഈ മണ്ണ് എവിടെ ഉപയോഗിക്കുന്നു എന്നതിന് വ്യക്തതയില്ല.
പൊതു അവധി ദിവസങ്ങളില്‍ മണ്ണെടുക്കാന്‍ പാടുള്ളതല്ല എന്ന വ്യവസ്ഥ അറിവുണ്ടായിട്ടും കോളേജ് അധികൃതര്‍ ഇത് പാലിക്കുന്നില്ല. ഇവിടെ നിന്നെടുക്കുന്ന മണ്ണ് എസ്ഇഐഎഎ പാരിസ്ഥിതിക ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രകാരം ആ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലെങ്കില്‍ ആ സ്ഥലം നിരപ്പാക്കുന്നതിനായോ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുടെ നഗ്നമായ ലംഘനമാണ് മണ്ണുവില്പ്പനയിലൂടെ ഇവിടെ നടക്കുന്നത്.
എന്നാല്‍ മണ്ണ് എവിടെ കൊണ്ടുപോകുന്നു എന്ന സ്ഥലം സന്ദര്‍ശിച്ച റവന്യു അധികൃതരുടെ ചോദ്യത്തിന് മുന്നില്‍ കോളേജ് അധികൃതര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തങ്ങള്‍ മണ്ണ് വില്ക്കുന്നില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുറച്ചു മാസങ്ങളായി ക്രൈസ്റ്റ് കോളേജിലെ മങ്ങാടിക്കുന്ന് ഇടിച്ചു നിരത്തിയ മണ്ണിന്റെ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്. റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടെയാണ് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന കൊടുംക്രൂരതക്ക് കോളേജ് അധികൃതര്‍ തയ്യാറാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്, അഡിഷണല്‍ തഹസില്‍ദാര്‍ ജോസഫ് കെ വി, വില്ലേജ് ഓഫീസര്‍ രാധിക വി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: