ഇരിങ്ങാലക്കുട : ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതി 2004-ല്‍ വരുത്തിവെച്ച ഒരു കോടി മൂന്നു ലക്ഷത്തിന്റെ നഷ്ടത്തിന് അംഗീകാരം നേടാന്‍ ഇന്ന് ബാങ്ക് പൊതുയോഗം ചേരുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കേരള സഹകരണ സംഘം റജിസ്ട്രാറാണ് വിശേഷാല്‍ പൊതുയോഗത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ സഹകരണസംഘം ജോയിന്റ് റജിസ്ട്രാര്‍ (ജനറല്‍) അദ്ധ്യക്ഷത വഹിക്കും. ടൗണ്‍ബാങ്കില്‍ നിന്ന് ഇരിങ്ങാലക്കുട സഹകരണാശുപത്രിക്ക് നല്കിയ വായ്പയുടെ പലിശ, പിഴപലിശ ഇനത്തില്‍ ഇളവനുവദിച്ച 1,03,41,000 രൂപയാണ് ബാങ്കിന് നഷ്ടമായത്. വായ്പ അനുവദിക്കുന്നകാലത്തും പലിശ ഒഴിവാക്കി കൊടുക്കുന്ന കാലത്തും കോണ്‍ഗ്രസ് നേതാവ് എം പി ജാക്സണ് ആയിരുന്നു ടൗണ്‍ ബാങ്കിന്റെയും സഹകരണാശുപത്രിയുടെയും പ്രസിഡന്റ്. ഇന്നും ഇരു സ്ഥാപനങ്ങളുടെയും പ്രസിഡന്റ് ഇദ്ദേഹം തന്നെയാണ്. 1996 ലാണ് ടൗണ്‍ ബാങ്ക് സഹകരണാശുപത്രിക്ക് ഒരു കോടി രൂപ വായ്പ അനുവദിച്ചത്. ആശുപത്രിയുടെ രണ്ട് ഏക്കര്‍ രണ്ട് സെന്റ് ഭൂമി ഈടായി സ്വീകരിച്ച് മാര്‍ച്ച് മൂന്ന് മുതല്‍ പത്ത് പ്രതിമാസ തവണകളായി പണം നല്കി. വായ്പ പൂര്‍ണമായി നല്‍കിയെങ്കിലും 2000 ഒക്ടോബറിലാണ് ബാങ്കില്‍ നിന്ന് 2,07,500 രൂപ ചെലവഴിച്ച് കരാര്‍ റജിസ്റ്റര്‍ ചെയ്തത്. വായ്പതുകയിലേയ്ക്ക് യാതൊന്നും തിരിച്ചടയ്ക്കാതെ കുടിശ്ശികയായ സമയത്ത് ആശുപത്രിയ്ക്ക് ഹഡ്കോയില്‍ നിന്ന് കൂടിയ തുക വായ്പയെടുക്കുന്നതിന് ബാങ്കില്‍ ഈട് നല്കിയ ആധാരം ബാങ്ക് ആശുപത്രിയ്ക്ക് തിരിച്ച് നല്കി. ഹഡ്കോയില്‍ നിന്ന് വായ്പ ലഭിച്ചിട്ടും ആശുപത്രി ഭരണസമിതി ബാങ്ക് വായ്പ തിരിച്ചടച്ചില്ല. മുതലും കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പലിശയുമടക്കം 2,03,41,000 രൂപ കുടിശ്ശികയായിരിക്കെ 2004 മാര്‍ച്ച് 29ന് ചേര്‍ന്ന ബാങ്ക് ഭരണസമിതിയോഗം ഒരു കോടി രൂപയുടെ മധ്യകാല വായ്പ കണക്ക് തീര്‍പ്പാക്കുന്നതിനുള്ള സഹകരണാശുപത്രിയുടെ അപേക്ഷ അംഗീകരിച്ച് ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശ, പിഴപലിശ, മറ്റ് ചെലവുകള്‍ ഇവ ഒഴിവാക്കി മാര്‍ച്ച് 31 ന് മുന്‍പ് വായ്പ കണക്കവസാനിപ്പിക്കുന്നതിനു അനുവദിച്ചു. ഇതനുസരിച്ച് മാര്‍ച്ച് 30ന് ആശുപത്രിയ്ക്ക് വേണ്ടി ഒരു കോടി രൂപ ബാങ്കില്‍ അടച്ചു. അത് വരെയുള്ള പലിശ ഇനത്തിലുള്ള 1,03,41,000 രൂപ ഒഴിവാക്കി ബാങ്ക് വായ്പ കണക്ക് അവസാനിപ്പിച്ചു. ബാങ്കില്‍ അടച്ച ഒരു കോടി രുപയ്ക്ക് അടുത്ത ദിവസം ആശുപത്രിയുടെ ഷെയര്‍ വാങ്ങിയതായും ആരോപണമുണ്ട്. ബാങ്ക് ഭരണസമിതിയുടെ നടപടിയെ ചോദ്യം ചെയ്ത് ബാങ്കിലെ ഒരംഗം നല്കിയ ആക്ഷേപത്തില്‍ ഭരണസമിതി തീരുമാനം നിയമവിരുദ്ധമാണെന്ന് നീരീക്ഷിച്ച ഹൈക്കോടതി മൂന്ന് മാസത്തിനകം ബാങ്കിന്റെ വിശേഷാല്‍ പൊതുയോഗം വിളിച്ച് തീരുമാനത്തിന് അംഗീകാരം തേടാന്‍ ഉത്തരവിട്ടു. 2016 ജൂണ്‍ 29 ലെ ജസ്റ്റിസ് ഷാജി പി ചാളി യുടെ ഉത്തരവ് അനുസരിച്ച് സെപ്തംബര്‍ 29നകം പൊതുയോഗം വിളിച്ച് ചേര്‍ക്കേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: