തൃശൂര്‍: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ താലൂക്ക് സപ്ലൈ ഓഫീസിലെത്തിയവര്‍ക്ക് കൊടും പീഡനം. നൂറുകണക്കിനാളുകളാണ് ഇന്നലെ അതിരാവിലെ താലൂക്ക് ഓഫീസിന് മുന്നില്‍ ക്യൂ നിന്നത്. പത്തുമണിക്ക് ഉദ്യോഗസ്ഥരെത്തി ഓഫീസ് തുറന്നെങ്കിലും റേഷന്‍കാര്‍ഡിലെ വിവരങ്ങളടങ്ങിയ ലിസ്റ്റ് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. തെറ്റുകള്‍ തിരുത്തി നല്‍കാനുള്ള ഫോം വിതരണം ചെയ്യാനും ഉദ്യോഗസ്ഥര്‍ മടി കാണിച്ചു. ഏറെ വൈകി ഫോം വിതരണം ആരംഭിച്ചെങ്കിലും ഏറെപ്പേര്‍ക്കും ഫോം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തി. പൂരിപ്പിച്ച ഫോം വാങ്ങിവെക്കാനും ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ മടിച്ചു. പിന്നീട് ഫോം വാങ്ങിവെച്ചെങ്കിലും ഇതിന് രസീതോ രേഖകളോ ഒന്നും നല്‍കിയില്ല. എല്ലാ ഫോമും മേശപ്പുറത്ത് കൂട്ടിവെക്കുകമാത്രമാണ് ചെയ്തത്. ആരൊക്കെയാണ് ഫോം സമര്‍പ്പിച്ചത് എന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. തെറ്റുകള്‍ തിരുത്തി നല്കിയ ഫോം നഷ്ടപ്പെട്ടാല്‍ ആര് ഉത്തരവാദിത്വമേല്‍ക്കും എന്ന ചോദ്യത്തിനും ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല. അതിരാവിലെ മുതല്‍ ഭക്ഷണം പോലും കഴിക്കാതെയാണ് പലരും സപ്ലൈ ഓഫീസില്‍ എത്തിയത്. മണിക്കൂറുകള്‍ കാത്തുനിന്നതോടെ പലരും തളര്‍ന്നുവീണു. ചിലര്‍ മടുത്ത് തിരികെപോയി. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര് പൊരിവെയിലത്ത് കാത്തുനില്ക്കുന്ന കാഴ്ച ദയനീയമായിരുന്നു. തിരക്ക് മുന്‍കൂട്ടികണ്ട് പ്രത്യേക സംവിധാനം ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടതായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തികഞ്ഞ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: