കല്‍പ്പറ്റ : വയനാട്ടില്‍ ജില്ലാ സഹകരണ ബാങ്കിന് കീഴിലുള്ള സംഘങ്ങള്‍ പിരിച്ചുവിട്ട് സിഎംപിക്കാരെ ചാക്കിലാക്കി ഭരണം കയ്യാളാനുള്ള സിപിഎം തന്ത്രം പാളി. പിരിച്ചുവിടപ്പെട്ട സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനുപുറമെ സെക്ഷന്‍ 28 ഒന്ന് ജെ പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിലേക്ക് നാല് അംഗങ്ങളെ ചേര്‍ത്തുകൊണ്ട് യുഡിഎഫ് ഭരണം സുരക്ഷിതമാക്കി. അഴിമതി ആരോപണത്തിന്റെ പേരിലായിരുന്നു ജില്ലാ ബാങ്ക് ആരോപണം നേരിട്ടത്. എന്നാല്‍ ഭരണസമിതി പത്രസമ്മേളനം നടത്തി ആരോപണങ്ങള്‍ തള്ളി. ഇതിനിടെ ഇന്നലെ സിഎംപി ജോണ്‍ വിഭാഗം കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തി ടി.മോഹനനെതിരെ രംഗത്തുവരികയായിരുന്നു. ജില്ലാ ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അചിന് കാരണം ടി.മോഹനനാണെന്നും അക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന കമ്മിറ്റിയംഗം സി.എം. ബാബു രജനി സന്തോഷ്, നിര്‍മ്മല പരേറ്റുക്കുന്ന് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതോടെ കാലുമാറ്റത്തിലൂടെ ടി.മോഹനനെയും ജോസ് പാറപ്പുറത്തിനെയും തോളിലേറ്റി കഷ്ടപ്പെടുകയാണ് സിപിഎം.
ജില്ലയില്‍ മൂന്ന് പ്രാഥമിക സംഘം ഭരണസമിതികളാണ് ജോയിന്റ് രജിസ്ട്രാര്‍ കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ജില്ലാ ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ കെ.വി.പോക്കര് ഹാജി, വി.എം.പൗലോസുകുട്ടി, ശകുന്തള ഷണ്മുഖന് എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന സഹകരണ സംഘം ഭരണസമിതികളാണ് ഇവ. ജില്ലാ ബാങ്ക് ഭരണസമിതിയംഗവും സിഎംപി പ്രവര്‍ത്തകനുമായ ജോസ് പറപ്പുറത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തി പ്രവര്ത്തനരഹിതമെന്നുകണ്ട് ബത്തേരി, വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ ശിപാര്ശചെയ്തതനുസരിച്ചാണ് മൂന്നു സംഘങ്ങളുടെയും ഭരണസമിതികള്‍ പിരിച്ചുവിട്ടതെന്നായിരുന്നു ജോയിന്റ് രജിസ്ട്രാരുടെ വിശദീകരണം. ജെആര്‍ സിപിഎം ആജ്ഞാനുവര്‍ത്തിയാണെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.
ജില്ലാ ബാങ്ക് ഭരണസമിതി യോഗം ചേരാനിരിക്കെ അരമണിക്കൂര്‍ മുമ്പാണ് മൂന്ന് പ്രാഥമിക സംഘങ്ങളുടെയും ഭരണസമിതികള്‍ പിരിച്ചുവിട്ടും അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയും ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഭരണസമിതികള്‍ പിരിച്ചുവിട്ടതോടെ പോക്കര് ഹാജി, പൗലോസുകുട്ടി, ശകുന്തള ഷണ്മുഖന് എന്നിവര്‍ ജില്ലാ ബാങ്ക് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അയോഗ്യരായി. ഇവരുടെ അസാന്നിധ്യത്തില്‍ ക്വാറം തികയാതെ ജില്ലാ ബാങ്ക് ബോര്‍ഡ് യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
യുഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്ക് ഭരണം മറിക്കാന്‍ ഭരണസമിതിയിലെ സിഎംപി പ്രതിനിധികളില്‍ ചിലര്‍ ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ നടത്തിയ നീക്കം ഇതോടെ പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: