രാമനാട്ടുകര: ജയില്‍ ഉപദേശക സമിതിയില്‍ നിന്നും പി. ജയരാജന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് പുല്ലുംകുന്നില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ജയരാജന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റാന്‍ തലശ്ശേരി സെഷന്‍സ് ജഡ്ജി നടപടി സ്വീകരിക്കണം.
റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതിനും അക്രമികളെ സംരക്ഷിക്കുന്നതിനുമാണ് പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. അധികാരത്തില്‍ വന്നാല്‍ വിലനിയന്ത്രണം നടപ്പാക്കുമെന്ന് പറഞ്ഞവര്‍ ഇന്ന് അതിന് നടപടി സ്വീകരിക്കുന്നില്ല. ബന്ധുനിയമത്തിനും ആശ്രിതനിയമനത്തിനുമാണവര്‍ പ്രാധാന്യം നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സ്വന്തം പേരി ലാക്കിയാണ് പിണറായി കേരളത്തില്‍ ഭരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പുല്ലുംകുന്ന്, പാലക്കല്‍, രാമനാട്ടുകര എന്നിവിടങ്ങളിലെ എഴുപത്തഞ്ചോളം പേരാണ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. പൊതുസമ്മേളനത്തില്‍ പി. മോഹനന്‍ അ ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, മലപ്പുറം ജില്ലാപ്രസിഡന്റ് കെ.രാമചന്ദ്രന്‍, മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാപ്രസിഡന്റ് അഡ്വ.രമ്യാമുരളി, ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പരമേശ്വരന്‍, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ്, കാളാടന്‍ വേലായുധന്‍, മേലത്ത് മുരളി, പി.കെ. അജിതകുമാരി, എം. പ്രേമന്‍, കെ. ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















