ഹരിപ്പാട്: മണ്ണാറശ്ശാല ക്ഷത്രത്തില്‍ ഇന്ന് പൂയം തൊഴല്‍. ഉച്ചയ്‌ക്ക് 12ന് സര്‍പ്പയക്ഷിയമ്മയുടേയും നാഗരാജാവിന്റേയും ശ്രീകോവിലുകളില്‍ ചതുശ്ശതം നിവേദിക്കും. ഈ സമയം അമ്മ നടത്തുന്ന ഉച്ചപൂജ ദര്‍ശന പ്രധാനമാണ്.
നാളെയാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത്. ഉച്ചയ്‌ക്ക് ഒന്നിന് വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം തീര്‍ത്ഥക്കുളത്തിലേക്ക് പുറപ്പെടും. തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ഈറന്‍ കസവ് വേഷ്ടിയണിഞ്ഞ് ഓലക്കുടചൂടി അമ്മ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വാദ്യമേളങ്ങള്‍ ഉയരും. അമ്മയും പരിവാരങ്ങളും നാഗദൈവങ്ങളുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളും. നാഗരാജാവിന്റെ വിഗ്രഹം വലിയമ്മയാണ് എഴുന്നള്ളിക്കുന്നത്. ചെറിയമ്മ സാവിത്രി അന്തര്‍ജ്ജനം സര്‍പ്പയക്ഷിയുടേയും വിഗ്രഹം എഴുന്നള്ളിക്കും. നാഗയക്ഷിയുടേത് പരമേശ്വരന്‍ നമ്പൂതിരിയും നാഗചാമുണ്ഡിയുടേത് വാസുദേവന്‍ നമ്പൂതിരിയും വഹിക്കും.
മുത്തിക്കുട, വെഞ്ചാമരം, ആലവട്ടം എന്നിവയുടെ അകമ്പടിയില്‍ നാദസ്വരം, ഇടയ്‌ക്ക, പഞ്ചവാദ്യം തുടങ്ങിയ നാദമേളങ്ങളില്‍ എഴുന്നള്ളത്ത് ക്ഷേത്രത്തിന് ഒരുവലംവച്ച് ഇല്ലത്തേയ്‌ക്ക് തിരിക്കും.
ഇല്ലത്തെ തളത്തില്‍ പൂര്‍ത്തിയായ പത്മത്തിന് സമീപം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് സര്‍പ്പദൈവങ്ങള്‍ക്ക് നൂറുംപാലും നിവേദിക്കും. പത്മഖണ്ഡങ്ങളില്‍ എല്ലാ നാഗദൈവങ്ങളേയും സങ്കല്‍പ്പിച്ച് നൂറുംപാലും നിവേദിക്കും.
ആകാശ സര്‍പ്പങ്ങളുടെയും പാതാള സര്‍പ്പങ്ങളുടെയും പ്രീതിക്കായി തട്ടിന്മേല്‍ നൂറുംപാലും തൂകും. തുടര്‍ന്ന് ഗുരുതി നടക്കുന്നതോടെ ആയില്യം ഉത്സവം സമാപിക്കും.
















