ദീപ മേത്ത സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ പ്രമേയങ്ങള്ക്കൊണ്ടാണ് വ്യത്യസ്തമാകുന്നത്. ആ ചിത്രങ്ങള്‍ പലതും വിവാദമാവാറുമുണ്ട്. 2012 ല്‍ രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗം പ്രമേയമാക്കിക്കൊണ്ടാണ് അവര്‍ അടുത്ത ചിത്രം ഒരുക്കിയിരിക്കുന്നത്. പേര് ആനാട്ടമി ഓഫ് വയലന്‍സ്. ലെസ്ലി ഉദ്വിന്റെ ഇന്‍ഡ്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി പോലെയല്ല ഇത്. എന്തായാലും ഇതൊരു പരീക്ഷണ ചിത്രമാണ്. ഇരയുടെ മാത്രമല്ല, വേട്ടക്കാരുടെ ജീവിതപശ്ചാത്തലവും വിഷയമാകുന്നു..
അഭിനയത്തിന്റെ പൂര്‍ണതക്കായി, അഭിനേതാക്കള്‍ക്ക് വേണ്ടി ദല്‍ഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി ദീപ മേത്തയുടേയും നീലം മന്‍സിങ് ചൗധരിയുടേയും നേതൃത്വത്തില്‍ പരിശീലനക്കളരിയും സംഘടിപ്പിച്ചിരുന്നു.
ദല്‍ഹി കൂട്ടമാനഭംഗ കേസില്‍ കുറ്റാരോപിതരായ ആറുപേരുടെ കുടുംബ-സാമൂഹ്യ പശ്ചാത്തലം കൂടി പരിശോധിക്കുമ്പോള്‍ ദാരിദ്രം, ലൈംഗിക ചൂഷണം, കുടുംബ പ്രശ്നങ്ങള്‍ ഇതൊക്കെ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ചുറ്റുപാടുകളാണെന്നാണ് വിലയിരുത്തുന്നത്. ഹാന്‍ഡ് ക്യാമറ ഉപയോഗിച്ചാണ് മിക്കരംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. വന്‍ഷ് ഭരദ്വാജ്, സീമ ബിശ്വാസ് തുടങ്ങിയവര്‍ ആനാട്ടമി ഓഫ് വയലന്‍സില്‍ അഭിനയിക്കുന്നു.
ഇത്തരത്തിലൊരു സിനിമ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് ദീപ പറയുന്നതിങ്ങനെ; മൂന്ന് വര്‍ഷം മുമ്പാണ് മാവന് പിക്ചേഴ്സിലെ സെലിന് ബാട്ട്റെയും ട്രൂഡേ സ്റ്റൈലറും ദല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചത്. ഇരയുടെ ഭാഗത്തുനിന്നുകൊണ്ട്, ശക്തമായ സാമൂഹികാവബോധം ഉള്‍ക്കൊണ്ടാവണം സിനിമ ചിത്രീകരിക്കേണ്ടത്. അത്തരത്തിലൊരു ചിത്രം നിര്‍മിക്കുകയായിരുന്നു അവരുടെ ആവശ്യം.
നാല് മണിക്കൂര്‍ അവരുമായി സംസാരിച്ചു. കഥയുടെ ഇതിവൃത്തം ഇരയില്‍ നിന്ന് കുറ്റവാളികളില്‍ കേന്ദ്രീകരിക്കുകയെന്നതായിരുന്നു എന്റെ ആശയം. അവരും ആ ആശയത്തോട് യോജിച്ചു. ദല്‍ഹി സംഭവം നടക്കുമ്പോള്‍ ഞാന്‍ ദല്‍ഹിയിലായിരുന്നു. അന്ന് മുതല്‍ മനുഷ്യരെ ക്രൂരകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു.
തിരക്കഥ രചിക്കുന്നതിനും ദീപ സ്വീകരിച്ചത് മറ്റൊരു വഴിയായിരുന്നു. പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവം, ഒരുകൂട്ടം നടന്മാര് നൈസര്‍ഗികമായി അനുകരിക്കുകയും അതിനെ തിരക്കഥാരൂപത്തിലേക്ക് വികസിപ്പിക്കുകയുമാണ് ദീപ ചെയ്തത്. കഥാപാത്രങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്യാന്‍ ഇത്തരം പരിശീലനക്കളരി നടന്മാരെ സഹായിക്കും. തന്റെ നാല് ചിത്രങ്ങള്‍ക്കുവേണ്ടിയും നിരവധി പരിശീലനക്കളരികള്‍ സംഘടിപ്പിച്ചിരുന്നതായും ആ പ്രക്രിയ സുഗമമാക്കിയതില്‍ നീലം മന്സിങ്ങിന്റെ പങ്ക് ചെറുതല്ലെന്നും ദീപ വ്യക്തമാക്കുന്നു.
സമര്‍ത്ഥരായ, ഭയംകൂടാതെ അഭിനയിക്കാന്‍ കഴിയുന്ന വിദഗ്ധ പരിശീലനം നേടിയ നടീനടന്മാരെയാണ് അനാട്ടമി ഓഫ് വയലന്‍സില്‍ അഭിനയിപ്പിച്ചിരിക്കുന്നത്. ആറ് പേരാണ് പ്രധാനകഥാപാത്രങ്ങള്‍. ഇവരെ കണ്ടെത്തിയത് നീലത്തിന്റെ തിയേറ്റര്‍ ഗ്രൂപ്പായ ദ കമ്പനിയില്‍ നിന്നാണ്. പരിശീലന കളരിയിലെ അഭിനയം അതേപടി ക്യാമറയില്‍ പകര്‍ത്തും. പിന്നീട് ആ അഭിനയത്തെ വിലയിരുത്തും. നിര്‍ദ്ദേശങ്ങള്‍ നല്‍കും. വീണ്ടും അഭിനയിക്കും. എല്ലാവരും പൂര്ണതൃപ്തരാകുന്നതുവരെ ഇത് തുടരും. അതായിരുന്നു അനാട്ടമി ഓഫ് വയലന്‍സില്‍ ദീപ അവലംബിച്ച രീതി.
ഇരയുടെ ഭാഗത്തുനിന്നല്ല ചിത്രം സംസാരിക്കുന്നത്. കുറ്റാരോപിതരായ ആറുപേരുടെ ജീവിത പശ്ചാത്തലത്തിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ കുട്ടിക്കാലം, ക്ലേശകരമായ ജീവിതം, കുടുംബബന്ധം, ജീവിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്തു, ആറുപേരും കണ്ടുമുട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു.
അധികം താരങ്ങളില്ലാതെ, പാട്ടിന്റെ അകമ്പടിയില്ലാതെ, കൃത്രിക വെളിച്ചമില്ലാതെ, എന്തിനേറെ മേക്കപ് ആര്ട്ടിസിറ്റിനെപ്പോലും ഉള്‍പ്പെടുത്താതെയാണ് ദീപ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കുറ്റവാളികളുടെ യഥാര്‍ത്ഥപേര് ഇതില്‍ ഉപയോഗിച്ചിട്ടില്ല. വേണമെങ്കില്‍ ഈ ചിത്രത്തെ ഡോക്യൂഡ്രാമ എന്ന് വിശേഷിപ്പിക്കാം. കുറ്റകൃത്യത്തിന് മുമ്പും ശേഷവുമുള്ള നിമിഷങ്ങളാണ് അനാട്ടമി ഓഫ് വയലന്‍സില്‍ പകര്‍ത്തിയിരിക്കുന്നത്. 18 ദിവസം, ഏകദേശം 8,000 മണിക്കൂറുകള്‍ കൊണ്ടായിരുന്നു ചിത്രീകരണം. വന്‍ഷ് ഭരദ്വാജ്, സുമന് ഝാ, ടിയ ഭാട്ടിയ, ജാനകി ബിസ്ത്, സീമ ബിശ്വാസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. മൈഥിലി വെങ്കട്ടരാമനാണ് ഛായാഗ്രഹണം. ഇക്കഴിഞ്ഞ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: