ഇരിങ്ങാലക്കുട: കേരളത്തില്‍ ഇടതുഭരണത്തിന് കീഴില്‍ പുരോഗമനവാദികളെന്ന് സ്വയം ഞെളിയുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ്, പീസ് സ്കൂളിലെ തീവ്രവാദബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കാണിക്കുന്ന നിശബ്ദത പ്രതിഷേധാര്‍ഹമാണെന്ന് തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് പറഞ്ഞു. തപസ്യ തൃശ്ശൂര്‍ ജില്ല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ എന്തുനടന്നാലും പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന സാംസ്കാരിക നായകന്മാര് ഇപ്പോള്‍ എവിടെപോയെന്ന് അദ്ദേഹം ചോദിച്ചു. ഭാരതം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ സാംസ്കാരിക നേതാക്കള്‍ നിലപാടു വ്യക്തമാക്കാതെ മാളത്തിലൊളിച്ചിരിക്കുകയാണ്. ഏകീകൃത സിവില്‍കോഡിനെ ഒരു കാലത്ത് ഇഎംഎസുപോലും പിന്തുണച്ചിരുന്നുവെങ്കില്‍ ഇന്ന് സിവില്‍കോഡിനെ എതിര്‍ക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്നും അദ്ദഹം ചോദിച്ചു. കാലം ഇതു തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഇന്ന് ഭാരതത്തില്‍ കാണുന്ന മാറ്റമെന്നും സുരേഷ് പറഞ്ഞു. മാറ്റം തിരിച്ചറിയാതെ ഇക്കൂട്ടര്‍ എണ്‍പതുകളിലെ കൊലക്കത്തിയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഉന്മൂലനസിദ്ധാന്തത്തിന്റെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തപസ്യ ജില്ല സമിതി ഭാരവാഹികളായ പി.വിജയകുമാര്‍, രഞ്ജിത്ത് മേനോന്, കെ.ഉണ്ണികൃഷ്ണന്, വിനോദ് വാര്യര്‍, ശ്രീജിത്ത് മുത്തേടത്ത് , പ്രസീദ്, ഷാജു മുളങ്കുന്നത്തുകാവ്, ബിരാജ് തൃപ്രയാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: