കോഴിക്കോട്: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എഎസ്‌ഐയായ എന്‍.എ. വിനയയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയായി. കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫീസറും സഹപ്രവര്‍ത്തകരും കുറ്റക്കാരല്ലെന്ന് അന്വേഷണറിപ്പോര്‍ട്ട്. വിനയയുടേതായി ഒരു ഫോണും വന്നിട്ടില്ലെന്നാണ് കണ്‍ട്രോള്‍ റൂം അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം സിറ്റി പൊലീസ് ചീഫ് ഉമ ബെഹ്‌റയ്‌ക്ക് നല്‍കിയിട്ടുമുണ്ട്.
തൃശൂരില്‍ പുലിക്കളിയില്‍ പെണ്‍പുലിയായി വേഷമിട്ടതിന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിന് നല്‍കിയ സ്വീകരണ പരിപാടിയിലായിരുന്നു വിനയയുടെ വിവാദ പ്രസംഗം.
റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുളള ആനിഹാള്‍ റോഡില്‍ രാത്രി പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ രണ്ട് മണിയോടെ വിളിച്ച് അറിയിച്ചെന്നും പൊലീസ് സഹായം തേടിയപ്പോള്‍ ലഭിച്ചില്ലെന്നും വിനയ പ്രസംഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
















