ശൗചാലയങ്ങളായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മറകള്‍ ജലാശയങ്ങളില്‍ സ്ഥാപിച്ച നിലയില്‍
അമ്പലപ്പുഴ: സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലയില്‍ അട്ടിമറിച്ചു. സ്വന്തമായി ശൗചാലയമില്ലാതെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ജില്ലയിലുണ്ട്. മന്ത്രി ജി. സുധാകരന്റെ സ്വന്തം മണ്ഡലത്തിലും ഇതുതന്നെയാണ് അവസ്ഥ.
അമ്പലപ്പുഴ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ ശൗചാലയം അനുവദിച്ചിട്ടും ശൗചാലയം ഉള്ളവര്‍ക്ക് തന്നെ വീണ്ടും അനുവദിച്ചാണ് കേന്ദ്രഫണ്ട് പുറക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പാഴാക്കിയത്. പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും മലമൂത്ര വിസര്‍ജ്ജനത്തിനായി പൊതുവഴികളും ജലാശയങ്ങളും ഉപയോഗിച്ചു വരുന്നത്.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് കക്കൂസിനു പകരം ഉപയോഗിച്ചിരുന്ന വേലിമറകള്‍ തോടുകളില്‍ സ്ഥാപിച്ചാണ് ദളിത് കോളനികള്‍ ഉള്‍പ്പെടെയുളളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഇത്തരം സാഹചര്യം നിലനില്‍ക്കേയാണ് കഴിഞ്ഞ ദിവസം അമ്പലപ്പുഴ ബ്ലോക്കു പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജ്ജന ഗ്രാമമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
തൊള്ളായിരത്തി മുപ്പത്തിരണ്ട് ശൗചാലയങ്ങള്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മിച്ചതില്‍ മുന്നൂറ്റി മുപ്പത്തിമൂന്നു ശൗചാലങ്ങളും പുറക്കാട് പഞ്ചായത്തിലാണ് സ്ഥാപിച്ചത്. ഇതില്‍ പകുതിയില്‍ ഏറെയും നിലവില്‍ ശൗചാലയങ്ങള്‍ ഉള്ളവര്‍ക്കാണ് നല്‍കപ്പെട്ടത്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ ഇടത് വലത് മുന്നണികളുടെ കളിപ്പാവകളായതാണ് അര്‍ഹതയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം നിഷേധിക്കപ്പെടാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പാവങ്ങള്‍ക്ക് പ്രയോജനപ്പെടുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാകുന്ന ഇത്തരം പദ്ധതികള്‍ അട്ടിമറിക്കുന്ന സാഹചര്യത്തില്‍ ഇതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുവാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാവണം. പുറക്കാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















