കണ്ണൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ കുന്നത്തൂര്‍പാടി ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കുന്ന ഉല്‍സവത്തിന്റെ ഭാഗമായി ഉണ്ടാകാറുള്ള മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഒരു മാസക്കാലം വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ നടക്കുന്ന ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. ക്ഷേത്രപരിസരങ്ങളിലും പ്രധാന റോഡില്‍ നിന്ന് അവിടേക്കുള്ള 500 മീറ്ററിലേറെ വരുന്ന റോഡിലും മനുഷ്യവിസര്‍ജ്യങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, കുപ്പികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നിറയുക എല്ലാ തവണയും പതിവാണ്. ഇതുമൂലം ദുര്‍ഗന്ധമടക്കം പരിസരങ്ങളിലെ വീട്ടുകാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. മഴക്കാലമാകുന്നതോടെ ഈ മാലിന്യങ്ങളെല്ലാം ഒഴുകി കുടിവെള്ള സ്രോതസ്സുകളിലെത്തുന്നതു മൂലം വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
















