ഇരിങ്ങാലക്കുട : ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴിലുള്ള പടിയൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിനെതിരെ പോലിസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പാഠഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാര്‍, കാട്ടൂര്‍ എസ്.ഐ മനു വി. നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്കൂളിലെത്തി പാഠപുസ്തകങ്ങള്‍ പരിശോധിച്ചശേഷമാണ് സ്കൂള്‍ അധികാരികള്‍ക്കെതിരെ കേസെടുത്തത്.
153 എ വകുപ്പ് പ്രകാരമാണ് സ്കൂളിനെതിരെ കാട്ടൂര്‍ പോലിസ് കേസെടുത്തിരിക്കുന്നതെന്ന് സി.ഐ സുരേഷ് കുമാര്‍ പറഞ്ഞു. മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്, ഡി.ഇ.ഒ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്കൂളില്‍ പോലിസ് പരിശോധന. സ്കൂളിലെ പഠനരീതികളും സിലബസും സംബന്ധിച്ച് നേരത്തെ ഇരിങ്ങാലക്കുട എ.എസ്.പി മെറിന് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നിയോജകമണ്ഡലം കമ്മിറ്റി സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: