തൊടുപുഴ: പെരുമാംകണ്ടം വെന്നുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നാലു ഭണ്ഡാരകുറ്റികള്‍ കുത്തി തുറന്ന് പണം അപഹരിച്ചു. ഒന്നരവര്‍ഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ മോഷണമാണിത്. സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 20ദിവസത്തിനിടെ നാലുമോഷണങ്ങളാണ് ക്ഷേത്രത്തില്‍ നടന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇന്നുവരെ കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായില്ല.
തൊടുപുഴ പോലീസ് സ്‌റ്റേഷന്റയും, കല്ലൂര്‍ക്കാട് പോലിസ് സ്‌റ്റേഷന്റെയും അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികളെ ഞെട്ടിച്ച ഇന്നലെ വെളുപ്പിനെയാണ് ക്ഷേത്രത്തില്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത്. നൂറുകണക്കിനു വിശ്വാസികളാണ് ക്ഷേത്രത്തിലെത്തുന്നത്.അതുകൊണ്ട് സാമാന്യം നല്ലരീതിയില്‍ ഭണ്ഡാരകുറ്റികളില്‍ നേര്‍ച്ചയെത്തും. കൃത്യമായി എത്ര രൂപ നഷ്ടപെട്ടെന്ന് ക്ഷേത്രം അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രവളപ്പിനുള്ളില്‍ സ്ഥാപിച്ചിരുന്ന രണ്ട് ഭാണ്ഡാരക്കുറ്റികളില്‍ നിന്നും, അകത്തുറപ്പിച്ചിരുന്ന ഭണ്ഡാരകുറ്റികളില്‍ നിന്നുമാണ് പണം നഷ്ടപെട്ടിരിക്കുന്നത്. രാവിലെ വിളക്ക് കത്തിക്കാനെത്തിയ വിശ്വാസിയാണ് മോഷണം നടന്നതായി കണ്ടത്.
















