തൊടുപുഴ: തെരുവുനായയുടെ കടിയേറ്റ വൃദ്ധന് സര്‍ക്കര്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതായി പരാതി. മുട്ടം സ്വദേശി കരിക്കോണം വീട്ടില്‍ ഗോപാലനാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നത്. നായയുടെ കടിയേറ്റ ഗോപാലനും ഭാര്യയും ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. എന്നാല്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ 6 മണിയായിട്ടും തുന്നിക്കെട്ടാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ല. മങ്ങാട്ടുകവലയില്‍ മുറിവുമായി ചായ കുടിക്കാനെത്തിയ വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞു എന്ന് മനസിലായ ജീവനക്കാര്‍ ഏഴ് മണിയോടെ ഗോപാലന് ചികിത്സ നല്‍കുകയായിരുന്നു.
















