കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള പുകയില നിയന്ത്രണ പരിപാടികള്‍ കോര്‍പ്പറേഷന്‍ പരിധിയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, പോലീസ് വകുപ്പ് എക്‌സൈസ് സാമൂഹ്യനീതി വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി എന്നിവരടങ്ങുന്ന ടീമായാണ് വിദ്യാലയങ്ങളില്‍ പുകയിലനിയന്ത്രണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുന്നത്. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് വിദ്യാലയങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കും.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോഴിക്കോട് ബീച്ച് ഗവ.ജനറല്‍ ആശുപത്രിയിലെ പുകയില വിമുക്ത കൗണ്‍സലിംഗ് കേന്ദ്രത്തിലേയ്‌ക്ക് റഫര്‍ ചെയ്യും. മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റുമാരെ പിടികൂടാനും പദ്ധതിയുണ്ട്. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ നാസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഇ ബിജോയ്, ഡെപ്യൂട്ടി ഡി എം ഒ ഡോ ജീജ. എം പി, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ എന്‍ എന്‍ രാജേന്ദ്രന്‍, ശശികുമാര്‍, എം എസ് വിജയന്‍, മോഹനന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഇബ്രാഹീം എന്നിവര്‍ പങ്കെടുത്തു.
















